തുരുത്തിയിലെ കണ്ടൽ വനമേഖലയിൽ കുപ്പിച്ചില്ല് കൂമ്പാരം



പാപ്പിനിശ്ശേരി : ഒരു ഭാഗത്ത് കൈയേറ്റവും മറുഭാഗത്ത് മാലിന്യം തള്ളലും കാരണം പാപ്പിനിശ്ശേരി തുരുത്തിയിലെ കണ്ടൽവനമേഖലയും തണ്ണീർത്തടങ്ങളും വലിയ അതിക്രമങ്ങൾ നേരിടുന്നു. ദേശീയപാത അതോറിറ്റിയും വ്യക്തികളും സംരംഭകരും വലിയ തോതിലാണ് പ്രദേശത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചത്.

പാപ്പിനിശ്ശേരി തുരുത്തിയിലെ സമൃദ്ധമായ കണ്ടൽവനമേഖലകൾക്കിടയിൽ വ്യക്തി കല്ല് കെട്ടി വേർതിരിച്ച ഭാഗത്താണ് നിരവധി ലോഡ് കുപ്പിച്ചില്ല് മാലിന്യം എത്തിച്ച് കൂട്ടിയിട്ടിരിക്കുന്നത്. ഇതേസ്ഥലത്ത് വർഷങ്ങൾക്ക് മുൻപും സമാനരീതിയിൽ കുപ്പിച്ചില്ലുകൾ കൂനയാക്കിക്കൂട്ടിയിരുന്നു. തുടർന്ന് നിരവധി പരിസ്ഥിതിസംഘടനകൾ രംഗത്തെത്തുകയും വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.

തുടർന്ന് അധികൃതർ ഇടപെട്ട് കുപ്പിച്ചില്ല് പ്രദേശത്ത് നിന്ന് പൂർണമായി നീക്കിയിരുന്നു. സമാനമായാണ് ഇപ്പോഴും കുപ്പിച്ചില്ലുകൾ സമൃദ്ധമായ കണ്ടൽ വന മേഖലയ്ക്കിടയിൽ കൂട്ടിയിട്ടുള്ളത്. ഇത് സമീപത്തെ കണ്ടൽ വന മേഖലയിലേക്കും എത്തുമെന്നുറപ്പാണ്. തുരുത്തിയിലെ പല ഭാഗത്തും വലിയ തോതിലാണ് കൈയേറ്റങ്ങൾ നടക്കുന്നത്. പത്തുവർഷം മുൻപ് നെല്ലും മീനും പദ്ധതി നടപ്പാക്കാനെന്ന വ്യാജേന 12 ഏക്കറോളം കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചിരുന്നു. ഇപ്പോൾ അതേസ്ഥലത്താണ് തിരിച്ച് വിവിധ തരത്തിലുള്ള കൈയേറ്റങ്ങൾ തകൃതിയായി നടക്കുന്നത്. അധികൃതരുടെ മൂക്കിന് താഴെയാണ് നിലവിൽ പാരിസ്ഥിതിക ദുർബലമേഖലയിൽ ഗുരുതരമായ കൈയേറ്റങ്ങൾ അരങ്ങേറുന്നത്. എന്നാൽ, വിവാദങ്ങളും വാർത്തകളും ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടികൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement