മുഴപ്പിലങ്ങാട്: ദേശീയ പാതയിലൂടെ തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ച് മറിഞ്ഞു.
അപകടത്തിൽ ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട്
സ്വദേശിയായ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ.
കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വസ്ത്രങ്ങളുമായി പോയ നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. വഴിയാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.
പണി പൂർത്തിയായ പാത വഴി വന്ന ചരക്ക് ലോറി മുഴപ്പിലങ്ങാട് മഠത്തിനടുത്തുനിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് പെട്ടെന്ന് വഴിയാത്രക്കാരനെ കണ്ട് നിയന്ത്രണം വിട്ടു. യാത്രക്കാരനെ ഇടിച്ച് സർവീസ് റോഡിലേക്ക് പാഞ്ഞ് കയറി നടപ്പാതയിലൂടെ കയറിയിറങ്ങി സമീപത്തെ വീടിന്‍റെ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന് നാശനഷ്ടങ്ങളുണ്ടായി. ഓവുപാലത്തിന്റെ സ്ലാബുകൾ ഇളകിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. എടക്കാട് പൊലീസ് ഗതാഗതം പുനഃസ്ഥാപിക്കാൻ നാട്ടുകാരുടെ സഹായത്താൽ ചരക്ക് ലോറിയിലെ വസ്ത്രങ്ങൾ ഉൾപ്പെടെ സാധനങ്ങൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് എടക്കാട് പൊലീസ് അറിയിച്ചു.

Post a Comment