മാളിക്കടവിൽ യുവതിയെ വിളിച്ച് വരുത്തി കൊന്ന സംഭവം; പ്രതിയും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്




മാളിക്കടവിൽ ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായകദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

അതേസമയം, സംഭവത്തിൽ പ്രതി വൈശാഖനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനാറ് വയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement