മാനന്തവാടി :വ്യാഴാഴ്ച രാത്രി കാറിന് തീപിടിച്ച് കണ്ണൂർ ഇരിട്ടി കുട്ട സ്വദേശി സജീർ മരിച്ചത് ആത്മഹത്യയാണെന്നു വ്യക്തമാകുന്ന വിഡിയോ പുറത്തുവന്നു. ചില സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായും കച്ചവടം നടത്തുന്നതിനായി കൈമാറിയ കെട്ടിടവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും സജീർ കാറിനുള്ളിലിരുന്ന് പറയുന്ന വിഡിയോയാണ് പുറത്തുവന്നത്. മരണത്തിനു മുൻപ് ഈ വിഡിയോ ഇയാൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നതായാണു പൊലീസ് കണ്ടെത്തിയത്. സജീർ വിഡിയോയിൽ പരാമർശിക്കുന്നയാളുടെ വീട്ടുവളപ്പിലാണു കാർ കത്തിയത്.
പ്രധാനമായും രണ്ടു പേരുടെ പേരെടുത്ത് പറഞ്ഞും ഒരാളുടെ ചിത്രം ഉയർത്തിക്കാട്ടിയും പകർത്തിയ വിഡിയോയിൽ ഇവരിൽ നിന്ന് നഷ്ടം ഈടാക്കി തനിക്ക് ബാധ്യതയുളളവർക്ക് നൽകണമെന്നും പറയുന്നുണ്ട്. കണ്ണൂർ ഇരിട്ടി വള്ളിത്തോട്ടിൽ താമസിക്കുന്ന, കർണാടക കുട്ടയിൽ ദീർഘകാലമായി വ്യാപാരം നടത്തിവരുന്നയാളുമാണ് 45 വയസ്സുകാരനായ സജീർ. ഇയാളുടെ ഭാര്യയും രണ്ടു വയസ്സുള്ള മകളും പൊളളലേറ്റ നിലയിൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനന്തവാടി–തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലെ ഒരു വീട്ടുമുറ്റത്ത് വച്ചാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
നാട്ടുകാരാണു, പോണ്ടിച്ചേരി റജിസ്ട്രേഷനിലുളള കാർ എരുമത്തെരുവിലെ ഒരു വീടിന്റെ പറമ്പില്‍ കത്തുന്നത് കണ്ടത്. എന്നാൽ കാറിനുള്ളിൽ സജീർ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണു വിവരം. സജീർ, ഭാര്യ നജ്മുന്നിസ, മക്കളായ നിബ്രാൻ (14), നിസാൻ (9), ആയിഷ (2) എന്നിവരാണു ഈ സമയം കാറിലുണ്ടായിരുന്നത്.
പെട്രോൾ നിറച്ച രണ്ട് കാനുകൾ കാറിൽ ഉണ്ടായിരുന്നു. കാറിൽ തീപടരുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിലും പൊലീസിലും അറിയിച്ചത്. ഇവർ എത്തിയാണ് സജീറിനെയും ഭാര്യയേയും പുറത്തിറക്കിയത്. എന്നാൽ സജീറിന്റെ ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികളെ പുറത്ത് എടുത്തിരുന്നു. തുടർന്ന് നജ്മുന്നിസയെയും കുട്ടികളെയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. നജ്മുന്നിസയ്ക്ക് 50 ശതമാനത്തോളം പൊള്ളൽ ഏറ്റതായാണ് വിവരം. മാനന്തവാടി എസ്ഐ എം.സി.പവനനാണ് കേസ് അന്വേഷിക്കുന്നത്.

إرسال تعليق