ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രിക്രിയക്ക് വിധേയയായ 59കാരി ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് കൊച്ചി അമൃത ആശുപത്രിയിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശസ്ത്രക്രിയ തീരുമാനിച്ചത്.
പുന്നപ്ര സ്വദേശിക്കാണ് ശസ്ത്രക്രിയയിലെ വീഴ്ച കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. അഞ്ച് വർഷം മുമ്പ് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായ ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങുകയായിരുന്നു. കെ.സി. വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, ശസ്ത്രിക്രിയക്ക് വിധേയയായ 59കാരിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
അതിനിടെ, ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയുമായി ആരോഗ്യ വകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും ആരോഗ്യ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.

Post a Comment