കെ–റെയിൽ വരുമോ ഇല്ലയോ? ആശങ്ക ഒഴിയാതെ ഭൂവുടമകൾ; സ്ഥലം ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ



കണ്ണൂർ:  സംസ്ഥാന സർക്കാരിന്റെ കെ–റെയിൽ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായെന്ന വിവരം അറിഞ്ഞെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇല്ലാത്തതിനാൽ ആശങ്ക മാറുന്നില്ലെന്ന് ഭൂവുടമകൾ. ആർആർടിഎസ് പോലുള്ള പുതിയ അതിവേഗ റെയിൽ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതും കെ–റെയിൽ അലൈൻമെന്റ് സ്ഥലം ഇതിനായി ഉപയോഗിച്ചേക്കാമെന്ന അഭ്യൂഹവും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പദ്ധതിക്കുവേണ്ടി 2022ൽ സ്ഥലമളന്ന് തിട്ടപ്പെടുത്തി അതിരുകളിൽ മഞ്ഞക്കുറ്റി സ്ഥാപിക്കുമ്പോൾ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഭൂവുടമകളുടെ വൻ പ്രതിഷേധം ഉണ്ടായിരുന്നു. കെ–റെയിൽ കടന്നുപോകുന്ന പരിസരങ്ങൾ ബഫർസോണാകുമെന്ന് പറഞ്ഞത് ആശങ്കയും പ്രതിഷേധവും രൂക്ഷമാക്കിയിരുന്നു. പദ്ധതിക്കുവേണ്ടി പൊലീസ് കാവലിലടക്കം കുറ്റി സ്ഥാപിച്ച ജില്ലയിലെ മിക്ക സ്ഥലങ്ങളിൽ നിന്നും നാട്ടുകാർ കുറ്റി പിഴുതെറി‍ഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കുറ്റികൾ മാത്രമാണ് മിക്കയിടങ്ങളിലും അവശേഷിച്ചത്. സമരവും പ്രതിഷേധവും നടത്തിയവർക്കെതിരെ പൊലീസ് കേസുമെടുത്തിരുന്നു.

മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതിനു ശേഷം പദ്ധതി പ്രവർത്തനങ്ങളിൽ പിന്നീട് തുടർച്ചയുണ്ടായില്ല. പദ്ധതി ഇനി പ്രാവർത്തികമാകില്ലെന്നും ഭാവിയിൽ നടപ്പിലാകുമെന്നുമുള്ള അഭ്യൂഹങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു. കെ–റെയിൽ വരുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രിയടക്കമുള്ളവർ ആവർത്തിച്ചതിനാൽ അലൈൻമെന്റ് തീരുമാനിച്ച സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങളോ ക്രയ വിക്രയങ്ങളോ നടത്താൻ ഭൂവുടമകൾക്ക് സാധിച്ചില്ല. സ്വത്ത് ഭാഗം വയ്ക്കുമ്പോൾ പ്രസ്തുത സ്ഥലം കുടുംബാംഗങ്ങൾ ആരും എടുക്കാൻ തയാറായില്ല. ഈ സ്ഥലം ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്താനോ സാധ്യമാകാത്ത അവസ്ഥയിലായിരുന്നു ഉടമകൾ.

തങ്ങളുടെ സ്ഥലം ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ തുടരവേ ഭൂവുടമകൾ കെ–റെയിൽ പദ്ധതി അധികൃതരെ സമീപിച്ചപ്പോൾ തീരുമാനം പറയേണ്ടത് റവന്യു വകുപ്പാണെന്നായിരുന്നു മറുപടി. റവന്യു വകുപ്പ് അധികാരികളെ സമീപിച്ചപ്പോൾ കുറ്റി സ്ഥാപിച്ച ഭൂമി കൈമാറ്റം ചെയ്യാൻ ത‌ടസ്സമില്ലെന്നും പാത കടന്നുപോകുന്ന സ്ഥലം അറിയാനാണ് ഇവ സ്ഥാപിച്ചതെന്നുമായിരുന്നു മറുപടി.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറയാനാവാത്തതും പദ്ധതി കടന്നുപോകുന്ന സ്ഥലം അറിയാനാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത് എന്നുമുള്ള അധികൃതരുടെ നിലപാട് 2022 മുതൽ ഇതുവരെ തുടർന്ന സാഹചര്യത്തിൽ പ്രസ്തുത സ്ഥലങ്ങളിൽ കൃഷി പോലും നടത്താനാവാത്ത അവസ്ഥയിലായിരുന്നു ഭൂവുടമകൾ. പദ്ധതി ഉപേക്ഷിച്ചെന്ന സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനവും സമരം നടത്തിയവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചെന്നതടക്കമുള്ള അറിയിപ്പും ലഭിക്കാതെ തങ്ങളുടെ ഭൂമി ഉപയോഗിക്കാനാവില്ലെന്ന് ഉടമകൾ പറയുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement