വികസനമില്ലാതെ ന്യൂമാഹി ഫിഷ് ലാൻഡിങ് സെന്റർ



ന്യൂമാഹി: ന്യൂമാഹി ഫിഷ് ലാൻഡിങ് സെന്‍റർ മത്സ്യത്തൊഴിലാളികൾക്ക് പൂർണമായും ഉപയോഗപ്പെടുന്ന തരത്തിൽ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഫിഷ് ലാൻഡിങ് സെന്‍ററിന് സമീപം അഴിമുഖം മണ്ണും ചെളിയും മാലിന്യവും നിറഞ്ഞ് ഒട്ടും ആഴമില്ലാത്ത അവസ്ഥയിലാണ്. മാഹിയിലെ മീൻപിടുത്ത തുറമുഖത്തിന്‍റെ നിർമാണം പൂർത്തിയാവാതെ പാതിവഴിയിലായതോടെയാണ് സമീപത്തെ അഴിമുഖം നികന്ന് ആഴമില്ലാതായത്. ഇത് വഴി വലിയ തോണികളും ബോട്ടുകളും കടന്നു പോകാൻ പ്രയാസമായിരിക്കുന്നു. 2015ൽ ഒരു കോടി 36 ലക്ഷം രൂപയും 2023 ൽ 60 ലക്ഷം രൂപയും ചെലവഴിച്ച് നിലവിലുള്ള ബോട്ട് ജെട്ടി നവീകരിച്ച് പുനർനിർമിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് വേണ്ട രീതിയിൽ ഉപകാരപ്പെടുന്നില്ല.

മയ്യഴിപ്പുഴയും കടലും തമ്മിൽ ചേരുന്ന അഴിമുഖത്ത് പൂഴിയും ചെളിയും നിറഞ്ഞ് ഒട്ടും ആഴമില്ലാത്ത സ്ഥലം ആഴം കൂട്ടിയാൽ മാത്രമേ തോണികൾക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. ഫിഷ് ലാൻഡിങ് സെന്‍റർ വികസനം സാധ്യമാവണമെങ്കിൽ കടലിൽ പുലിമുട്ട് നിർമ്മിക്കുക മാത്രമാണ് പോംവഴിയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇത് ഗൗരവമായെടുത്തിട്ടില്ല. 2013ൽ പ്രവൃത്തി നിന്നു പോയ മാഹി മീൻപിടുത്ത തുറമുഖം യാഥാർഥ്യമാകാൻ ഇപ്പോൾ വഴിയൊരുങ്ങുകയാണ്. ഇതിനായി 67 കോടി രൂപ അനുവദിച്ച സാഹചര്യത്തിൽ മൂന്ന് മാസത്തിനകം പ്രവൃത്തി തുടങ്ങിയേക്കും. മാഹി തുറമുഖത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരു പുലിമുട്ടിന്‍റെ പ്രവൃത്തി നടത്താതിരുന്നത് കാരണമാണ് അഴിമുഖത്ത് ആഴമില്ലാതായിപ്പോയതെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement