പയ്യന്നൂർ: ഗര്‍ഭിണിയായ ഭാര്യയെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതില്‍ പ്രകോപിതനായ യുവാവ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ
ലേബർ റൂം അടിച്ചുതകർത്തു.
പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസും ആശുപത്രി സുരക്ഷ ജീവനക്കാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദ്(24)ആണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ലേബര്‍റൂമില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളംവെച്ചത്.
നഴ്‌സിങ് ഓഫിസര്‍ സനിലയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പൊലീസ് സ്ഥലത്തെത്തി.
ആക്രമണം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. ഇയാള്‍ വേറെ ചില കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2023 ലെ ആശുപത്രിയില്‍ അക്രമം തടയല്‍ നിയമപ്രകാരം കടുത്ത വകുപ്പുകൾ ചുമത്തി റാഷിദിനെതിരെ പൊലീസ് കേസെടുത്തു.

Post a Comment