പാപ്പിനിശ്ശേരി ∙ റെയിൽവേ മേൽപാലം അറ്റകുറ്റപ്പണിക്കായി 5 മുതൽ ഒരു മാസത്തേക്ക് അടച്ചിടുമ്പോൾ വാഹനങ്ങളെ വഴിതിരിച്ചുവിടാനുള്ള ബദൽ റോഡുകൾ പലതും തകർന്ന നിലയിൽ. പാപ്പിനിശ്ശേരിയിലെ ഗതാഗതതടസ്സം ഒഴിവാക്കാൻ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന വഴിയാണ് ഇരിണാവ്–കല്യാശ്ശേരി സെൻട്രൽ–കോലത്തുവയൽ റോഡ്.
എന്നാൽ. ഇരിണാവ് റെയിൽവേ ഗേറ്റിനു സമീപം ചെറുപാലത്തിന്റെ സ്ലാബ് തകർന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിച്ചിട്ടില്ല. നിയന്ത്രണം ഏർപ്പെടുത്തി ഒരു ഭാഗം വഴിയാണ് നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നത്. റെയിൽവേ ഗേറ്റിനു സമീപം പുതിയപാലം നിർമിക്കാൻ കല്യാശ്ശേരി പഞ്ചായത്ത് അധികൃതർ ഇടപെട്ടു ഫണ്ട് നീക്കിവച്ചിട്ടുണ്ട്. എന്നാൽ, സാങ്കേതിക നടപടികൾ പൂർത്തിയാക്കാനുള്ള കാലതാമസം കാരണം ഉടൻ നിർമാണം നടക്കില്ല.
ദേശീയപാത സർവീസ് റോഡ് പലയിടത്തും തകർന്നുകിടക്കുന്നതിനാൽ ഭൂരിഭാഗം യാത്രക്കാരും കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡ് വഴിയാണു കടന്നുപോകുന്നത്. കീച്ചേരി–കോലത്തുവയൽ റോഡും തകർന്നുകിടക്കുന്നു. ഇതിനിടയിലാണ് പാപ്പിനിശ്ശേരി, പഴയങ്ങാടി താവം റെയിൽവേ മേൽപാലങ്ങളിലെ തകർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണി നടക്കേണ്ടത്. പാലത്തിന്റെ ഉപരിതലത്തിലെ കുഴികൾ പരിശോധിക്കാൻ നിലവിലെ ടാറിങ് മുഴുവൻ ഇളക്കിമാറ്റണം. പിന്നീട് മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴിയടച്ചു ബിറ്റുമിൻ കോൺക്രീറ്റ് ഓവർലേ ചെയ്യും.
ഈ പ്രവൃത്തിക്ക് ഒരു മാസം വേണ്ടി വരുന്നതിനാൽ പ്രദേശവാസികൾ പൂർണമായും യാത്രാദുരിതത്തിലാകും. ഇരിണാവ് റോഡ് അടക്കമുള്ള മിക്ക അനുബന്ധ റോഡുകളും ഗതാഗതക്കുരുക്കിലാകും. ഗതാഗത തടസ്സം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

Post a Comment