മാലാഖക്കുഞ്ഞിന്റെ വീട്ടില്‍ മുഖ്യമന്ത്രി; ആലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു; ‘ചേവായൂരിലെ അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കും’



കേരളക്കരയുടെയാകെ നോവും അഭിമാനവുമായി മാറിയ ആലിന്‍ ഷെറിന്‍ എബ്രഹാമെന്ന കുഞ്ഞിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളേയും കുടുംബത്തേയും നേരില്‍ക്കണ്ട് മുഖ്യമന്ത്രി സംസാരിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേവായൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി ആലിന്റെ മാതാപിതാക്കളെ അറിയിച്ചു. 

മുഖ്യമന്ത്രിയ്‌ക്കൊപ്പം മന്ത്രി വീണാ ജോര്‍ജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആലിന്റെ വീട്ടിലെത്തി. കുട്ടിയുടെ മാതാപിതാക്കളോടും മുത്തച്ഛനോടും മറ്റ് ബന്ധുക്കളോടും അല്‍പ നേരം സംസാരിച്ചിരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇന്നലെ വൈകീട്ട് 3.30നാണ് കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌കാര ചടങ്ങിന് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഫെബ്രുവരി അഞ്ചിന് വാഹനാപകടമുണ്ടായ ദിവസം മല്ലപ്പള്ളിയിലെ പിതാവിന്റെ വീട്ടില്‍ നിന്നാണ് ആലിന്‍ ഷെറിന്‍ എബ്രഹാമും അമ്മയും അടങ്ങുന്ന കുടുംബം സ്വകാര്യ ചടങ്ങിനായി യാത്രതിരിച്ചത്. വാഹനാപകടത്തില്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കേരളത്തിന്റെ കണ്ണീരോര്‍മ്മയായി മാറുമ്പോഴും അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എബ്രഹാം മടങ്ങിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ നിയോഗവുമായാണ് ഈ പത്ത് മാസം പ്രായമുള്ള കുഞ്ഞ് യാത്രയായത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement