കേരളത്തിലെ സ്വർണ്ണവിപണിയിൽ ഇന്ന് സമാനതകളില്ലാത്ത വിലയിടിവ്. രാവിലെ രേഖപ്പെടുത്തിയ വലിയ തകർച്ചയ്ക്ക് പിന്നാലെ ഉച്ചയോടെ വീണ്ടും വില കുറഞ്ഞതോടെ നിക്ഷേപകരും ഉപഭോക്താക്കളും ഒരുപോലെ അമ്പരപ്പിലാണ്. ഇന്ന് മാത്രം പവന് ആകെ 9,840 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,920 രൂപയായി താഴ്ന്നു. ഗ്രാമിന് 13,490 രൂപയാണ് നിലവിലെ നിരക്ക്.
ആഗോള വിപണിയിൽ അനുഭവപ്പെട്ട അഞ്ച് ശതമാനത്തോളം വരുന്ന വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4,643 ഡോളർ എന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും ഏഴ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 29-ന് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും (Profit Booking) ഡോളർ കരുത്താർജ്ജിച്ചതുമാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

إرسال تعليق