കണ്ണൂർ : ആരോഗ്യ മന്ത്രി വീണാ ജോർജിനു ചികിത്സ നൽകുന്നതു തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനം. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കയ്യിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് ഇപ്പോഴത്തെ ചികിത്സയിലൂടെ നേരിയ ആശ്വാസം ലഭിച്ചെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന രക്ത സമ്മർദം നിയന്ത്രണ വിധേയമായിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം ഇല്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചു. എംആർഐ സ്കാൻ, എംആർ ആൻജിയോ ഗ്രാം ഇവയുടെ റിപ്പോർട്ടുകൾ ബോർഡ് വിലയിരുത്തി.
കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ, അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. മന്ത്രിയുടെ കയ്യിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാം. സംഭവത്തിനു ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നെന്നും സതീശൻ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുമുണ്ട്.

إرسال تعليق