സ്വർണവില കേരളത്തിൽ പവന് ഉടൻ ഒരുലക്ഷം രൂപയ്ക്ക് താഴേക്ക് നിലംപൊത്തിയേക്കും. കേരളത്തിൽ ഇന്നു രാവിലെ പവൻ വില 6,640 രൂപ ഇടിഞ്ഞ് 1,11,120 രൂപയിൽ എത്തിയിരുന്നു. രാജ്യാന്തര വില ഇപ്പോഴുള്ളത് 432 ഡോളർ കൂപ്പുകുത്തി 4,459 ഡോളറിലാണ്. രാവിലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില 4,650 ഡോളറിനു മുകളിൽ ആയിരുന്നു.
രാജ്യാന്തര വില ഓരോ ഡോളർ താഴുമ്പോഴും കേരളത്തിൽ ഗ്രാമിന് 2.5 രൂപവരെ കുറയാം. അങ്ങനയെങ്കിൽ ഇന്ന് ഉച്ചയ്ക്കോ വൈകിട്ടോ തന്നെ കേരളത്തിൽ പവന് 6,000-7,000 രൂപ കുറയാൻ സാധ്യതയുണ്ട്. അതോടെ പവൻ 1,05,100 നിലവാരത്തിലേക്ക് താഴും. കഴിഞ്ഞയാഴ്ച വില 1,31,000ന് മുകളിൽ ആയിരുന്നു.
കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് വില 830 രൂപ കുറഞ്ഞ് 13,890 രൂപയാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനായി കെവിൻ വാർഷിനെ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കെവിൻ പൊതുവേ ‘പണപ്പെരുപ്പ’ പോരാളിയാണ്. അതായത്, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിന് പകരം പണപ്പെരുപ്പം നിയന്ത്രിക്കാൻ ഊന്നൽ നൽകുന്നയാൾ.
പലിശനിരക്ക് കുറയാതിരുന്നാൽ ഡോളറും ബോണ്ടും കരുത്തുനേടും. ഇത് സ്വർണം വാങ്ങൽ പ്രയാസമാക്കും. ഇതാണ് നിലവിൽ സ്വർണവിപണിയെ ബാധിക്കുന്നതും. എന്നാൽ, സ്വർണവില ഇനിയുള്ള നാളുകളിൽ ഇടിവിന്റഎ ട്രാക്കിലായിരിക്കുമെന്ന് കരുതാനാവില്ലെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു.
കഴിഞ്ഞവാരം 5,000 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തരവിലയാണ് ഇപ്പോൾ 4,400 നിലവാരത്തിലേക്ക് താഴ്ന്നത്. ഈ ഇടിവ് മുതലെടുത്തുള്ള വാങ്ങിക്കൂട്ടലിന് (ഡിപ് ബയിങ്) സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വില തിരിച്ചുകയറാം. ഇത്തരം ‘ഡിപ് ബയിങ്’ ട്രെൻഡുണ്ടായാൽ കേരളത്തിൽ വിലയിലുണ്ടാകാവുന്ന കുറവിനെയും അതു ബാധിക്കും. 6,000-7,000 രൂപ പവന് കുറയേണ്ടതിന് പകരം 5,000 രൂപയ്ക്ക് താഴെയാകും കുറയുക.
ഇന്ന് കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 680 രൂപ ഇടിഞ്ഞ് 11,475 രൂപയായി. വെള്ളിവിലയും രാജ്യാന്തര തലത്തിൽ സ്വർണത്തിന് സമാന ഇടിവാണ് നേരിടുന്നത്. ഔൺസിന് കഴിഞ്ഞവാരം 100 ഡോളറിന് മുകളിലായിരുന്ന വില ഇപ്പോഴുള്ളത് 75 ഡോളറിൽ. കേരളത്തിൽ ഗ്രാമിന് രാവിലെ 50 രൂപ താഴ്ന്ന് 300 രൂപയായി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 680 രൂപ താഴ്ന്ന് 11,415 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 300 രൂപ.

إرسال تعليق