ഇരിട്ടി: ശനിയാഴ്ച വൈകുന്നേരം 3മണിയോടെ ഉണ്ടായ ശക്തമായ വേനൽമഴയും കാറ്റും നഗരത്തെയും സമീപ മലയോര ഗ്രാമങ്ങളെയും ഭീതിയിലാഴ്ത്തി. മരങ്ങളും വൈദ്യുതി തൂണുകളും നിലംപൊത്തി. നിരവധി പരസ്യ ബോർഡുകളും കാറ്റിൽപ്പറന്നു. ജബ്ബാർക്കടവിൽ സ്വകാര്യ ബസ് മരത്തിലിടിച്ചണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കീഴൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച തുണിപ്പന്തലുകൾ കാറ്റിൽ നിലംപൊത്തി.
പുതിയ ബസ് റ്റാൻഡിലെ സ്വകാര്യ കെട്ടിട സമുച്ചയത്തിൻ്റെ 3-ാം നിലയിൽ സ്‌ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് ശക്തമായ കാറ്റിൽ ഇളകി വീണ് കെട്ടിടത്തിയതിന് മുകളിൽ തൂങ്ങിനിന്നത് അൽപ്പനേരം ഭീതി വിതച്ചു. ബോർഡ് താഴേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബസ് കാത്തുനിൽക്കുന്നവർ ഉൾപ്പെടെ നിരവധി യാത്രക്കാർ കടന്നുപോയിക്കൊണ്ടിരിക്കുന്നതിന് മുകളിലുള്ള ബോർഡാണ് 3-ാം നിലയിൽനിന്നും ഇളകി മധ്യഭാഗം വരെ എത്തി കെട്ടിടത്തിന് മുകളിൽ തൂങ്ങിനിന്നത്. അഗ്നിരക്ഷാ സേനയെത്തി കയറിട്ടു താഴ്ത്തി 1-ാം നിലയുടെ വരാന്തയിലേക്ക് ഇറക്കിയാണ് അപകടം ഒഴിവാക്കിയത്. ബോർഡ് താഴേക്ക് പതിച്ചാൽ ഉണ്ടാകുന്ന അപകട ഭീഷണി ഒഴിവാക്കാൻ ഈ ഭാഗത്തുകൂടി കടന്നു പോയ്ക്കൊണ്ടിരുന്ന ജനങ്ങളെ പോലീസ് വഴിമാറ്റിവിട്ടു.
കനത്ത മഴയിൽ ബ്രെക്കിട്ടപ്പോൾ റോഡിൽ നിന്നും തെന്നി മാറിയ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബസ് യാത്രികർക്ക് പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി - പേരാവൂർ റോഡിൽ ജബ്ബാർക്കടവിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തേക്കു വന്ന സപ്‌തമി എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്.
നേരമ്പോക്കിൽ പ്രഗതി കോളേജ് റോഡിൽ കെ ടി സി ഓഫീസിനു സമീപം വൈദ്യുതി ലൈനിലേക്ക് കൂറ്റൻ തെങ്ങു മുറിഞ്ഞു വീണ് മേഖലയിലെ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ കെ.പി. മുരളീധരന്റെ പുരയിടത്തിലെ കൂറ്റൻ തെങ്ങ് മുറിഞ്ഞ് വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീഴുകയായിരുന്നു. അഗ്നിശമനസേനയെത്തി തെങ്ങു മുറിച്ചു മാറ്റി.
മാടത്തിൽ ടൗണിനു സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോ റിക്ഷക്കു മുകളിൽ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് പാറിവീണ് ഓട്ടോറിക്ഷയുടെ മുകൾ ഭാഗത്തെ ഷീറ്റ് കീറി നശിച്ചു. വിളമന കരിമണ്ണൂരിലെ പയ്യൻ ബിജുവിന്റെ ഓട്ടോറിക്ഷക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇവിടെത്തന്നെ നിർത്തിയിട്ട സ്വകാര്യവ്യക്തിയുടെ കാറിനു മുകളിൽ മരക്കൊമ്പ് പൊട്ടിവീണു കാറിനും കേടുപാടുകൾ സംഭവിച്ചു.
കീഴൂർ മഹാദേവ ക്ഷേത്രത്തിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന ഉത്സവത്തിന്റെ ഭാഗമായി കെട്ടിയ തുണിപ്പന്തലുകൾ കാറ്റിൽ കീറി നശിച്ചു. പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ബാവലിപ്പുഴ കടന്നെത്തിയ ശക്തമായ കാറ്റിൽ തുണിപ്പന്തലിനൊപ്പം നിരവധി ഓടുകളും ഇളകിവീണ് തകർന്നു. പേരാവൂർ - തലശ്ശേരി റോഡിൽ നെടുംപൊയിലിന് സമീപം മരം കടപുഴകി വീണ് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

إرسال تعليق