പാൽ - പച്ചക്കറി - മാംസ - മുട്ട സ്വയംപര്യാപ്‌ത ഗ്രാമം, സാന്ത്വന പരിചരണം, മാലിന്യ സംസ്കരണം എന്നിവയ്ക്കു മുൻഗണന നൽകിയും 48.69 കോടി രൂപ വരവും 48.06 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ആറളം ഗ്രാമ പഞ്ചായത്ത് അംഗീകാരം നൽകി. ഉൽപാദന മേഖലയ്ക്കു ഊന്നൽ നൽകി കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ള ബജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. എടൂർ ബസ് സ്‌റ്റാൻഡിൽ ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കാൻ 75 ലക്ഷം രൂപ വകയിരുത്തി.
കാർഷിക - മൃഗസംരക്ഷണ ഉൽപാദന മേഖലയ്ക്ക് മാത്രമായി 1.41 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പശ്ചാത്തല മേഖലയിൽ കെട്ടിടങ്ങളും റോഡുകളും ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് വേണ്ടി 11.94 കോടി രൂപ വകയിരുത്തി. ഇതിനു പുറമേ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകളുടെയും കുളങ്ങളുടെയും തോടുകളുടെയും നവീകരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും വകയിരുത്തി.
37 അങ്കണവാടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്നതിനു 45 ലക്ഷം രൂപ വകയിരുത്തി. സമ്പൂർണ ഭവന പദ്ധതി പ്രവർത്തനങ്ങൾ തുടരും. എല്ലാവർക്കും വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് 5.61 കോടി രൂപ വകയിരുത്തി. ബാല - വയോജന - സ്ത്രീ സൗഹൃദ - ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കുകയെന്നതും ലക്ഷ്യമാണ്. ആറളം ഫാം പുനരധിവാസ മേഖലയിലും കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ സോളർ തൂക്കുവേലി നിർമിക്കാൻ 20 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
പ്രസിഡന്റ് വി.ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജിമ്മി അന്തിനാട്ട് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ റെയ്ഹാനത്ത് സുബി, ജോർജ് ആലാംപള്ളി, രജിത മാവില, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. വേലായുധൻ, ഷിജി നടുപ്പറമ്പിൽ, ടി.പി.മാർഗരറ്റ്, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ, മുൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. റോസമ്മ, മുൻ ആറളം പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി. തോമസ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പാലമറ്റം എന്നിവർ പ്രസംഗിച്ചു.

إرسال تعليق