കണ്ണൂർ: രാത്രികാലങ്ങളിൽ ജോലി, പഠനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച 'നിർഭയ നിശ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് കണ്ണൂരിൽ നടക്കും. കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം 07:00-ന് കണ്ണൂർ പോലീസ് സിന്തറ്റിക് ട്രാക്കിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.
രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവർക്കും വാഹന സൗകര്യം ലഭ്യമല്ലാത്തവർക്കും സുരക്ഷിതമായ യാത്രയൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് വേഗത്തിൽ പോലീസ് സഹായം ലഭ്യമാക്കുന്നതിനായി 112 ഹെൽപ് ലൈൻ, Pol App-ലെ SOS ബട്ടൺ, പിങ്ക് പട്രോൾ, ഹൈവേ പട്രോൾ എന്നിവയുടെ സേവനം ഈ പദ്ധതിയിലൂടെ ഏകോപിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതകളുടെ 'നൈറ്റ് വാക്ക്' (Night Walk) സംഘടിപ്പിക്കുന്നുണ്ട്. സിന്തറ്റിക് ട്രാക്കിൽ നിന്ന് ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി തിരികെ ട്രാക്കിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് നടത്തം ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണവും വെള്ളവും വിതരണം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി.പി. ഇന്ദിര പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐ.പി.എസ് നൈറ്റ് വാക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്രീമതി. ഷൈനി ഡി., തായത്തെരു വാർഡ് കൗൺസിലർ ശ്രീമതി. ലിഷ ദീപക് എന്നിവർ സാന്നിദ്ധ്യമറിയിക്കും. കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി. ധന്യാ കൃഷ്ണൻ സ്വാഗതം ആശംസിക്കും. സ്ത്രീകളുടെ സ്വതന്ത്രമായ സഞ്ചാരാവകാശം ഉറപ്പുവരുത്തുന്നതിൽ കേരള പോലീസിന്റെ ഈ മുന്നേറ്റം വലിയൊരു നാഴികക്കല്ലാകും.

إرسال تعليق