എല്‍പിജി പ്രതിസന്ധിയില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ആശുപത്രികള്‍, സ്‌കൂളുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവയ്ക്ക് ഗാര്‍ഹികേതര മുന്‍ഗണന പ്രകാരം സിലിണ്ടറുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും മണ്ണെണ്ണ നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തും ഗുരുതര സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഈ പ്രതികൂല സാഹചര്യങ്ങളെ പരമാവധി അതിജീവിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ ആലോചിക്കാനാണ് ഇന്നലെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനികള്‍ ഇന്നലെ യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബുക്കിംഗ് ചെയ്യുന്നതില്‍ ചില പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ബുക്കിങ് ഇരട്ടിയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകുന്നു. ആളുകള്‍ ആശങ്കപ്പെട്ടാണ് കൂടുതല്‍ ഗ്യാസ് ബുക്ക് ചെയ്യുന്നത്. ഇത് വെബ്‌സൈറ്റുകളുടെ സെര്‍വറിന്റെ കപ്പാസിറ്റിയേയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

إرسال تعليق