ഇരിട്ടി: 86-ാം വയസ്സിൽ 4790 പേജുകളിലായി പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ സമ്പൂർണ ബൈബിൾ പൂർണ്ണമായും സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതി റിട്ട. അദ്ധ്യാപിക. കൊട്ടുകപ്പാറ ലൂർദ് എൽപി സ്‌കൂൾ റിട്ട. പ്രധമാധ്യാപിക എടൂർ കമ്പിനി നിരത്തിലെ മരോട്ടിക്കൽ തങ്കമ്മയാണ് ബൈബിളിൽ ഉള്ളതുപോലെ കുത്തും കോമയും ഉൾപ്പെടെ യാതൊരു മാറ്റവുമില്ലാതെ ബൈബിൾ കൈപ്പടയിൽ എഴുതിയത്. രണ്ടര വർഷം കൊണ്ടാണ് എഴുത്ത് പൂർത്തിയാക്കിയത്. കടലാസും പേനയും തീരുന്നതനുസരിച്ചു വാങ്ങി നൽകി കൊച്ചുമക്കൾ ഒപ്പം ചേർന്നു.
എടൂരിലെ ആദ്യകാല കൂടിയേറ്റക്കാരനായിരുന്ന റിട്ട. എക്സിക്യൂട്ടീവ് ഓഫിസർ പരേതനായ എം.കെ. പീറ്ററിൻ്റെ ഭാര്യയാണ് തങ്കമ്മ. അഭിഭാഷകനായ മകൻ മനോജ് പീറ്ററിനൊപ്പമാണ് താമസം. കുടുംബത്തിൻ്റെ നിയോഗം വച്ചാണ് ബൈബിൾ പകർത്തിയെഴുതാനുള്ള തീരുമാനം എന്നും ഇവ സാധിച്ചു കിട്ടിയതായും തങ്കമ്മ പറഞ്ഞു. എടൂർ സെൻ്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയത്തിൽ വികാരി ഫാ. തോമസ് വടക്കേമുറിയിൽ ബൈബിൾ ഏറ്റുവാങ്ങി. തങ്കമ്മയെ ആദരിച്ചു. അസിസ്‌റ്റൻ്റ് വികാരിമാരായ ഫാ. ബോബിൻ പുളിയനാപ്പള്ളിയിൽ, ഫാ. റോബിൻസ് പുന്നക്കുഴി, ട്രസ്‌റ്റി മാത്യു ഒരപ്പാൻകുഴിമറ്റം, ഇടവകാ കോഓർഡിനേറ്റർ സി.ജെ. ജോസഫ് ചെമ്പോത്തനാടിയിൽ എന്നിവർ പങ്കെടുത്തു

Post a Comment