മലപ്പുറം : നിശ്ചയിച്ച വിവാഹം മുടങ്ങി. ചോദിക്കാനെത്തിയ പെൺവീട്ടുകാർക്ക് മർദനമേറ്റെന്നു പരാതി. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കൂട്ടയടിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിഷയത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിലങ്ങാടി പെരിന്താറ്റിരി അത്തിക്കാപറമ്പിൽ കഴിഞ്ഞദിവസമാണ് ആൺ, പെൺ വീട്ടുകാർ തമ്മിൽ സംഘർഷമുണ്ടായത്. 2 പേർക്ക് പരുക്കേറ്റു.
വിവാഹാലോചന മുടങ്ങിയതു സംബന്ധിച്ച് ചോദിക്കാനെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്നാണു പരാതി. സംഘർഷത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമാണ് പരുക്കേറ്റത്. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയും പെരിന്താറ്റിരി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു.
എന്നാൽ പിന്നീടത് മുടങ്ങുകയായിരുന്നു. യുവാവാണ് വിവാഹത്തിൽനിന്ന് പിന്മാറിയതെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞദിവസം യുവാവിന്റെ വീട്ടിൽ സംസാരിക്കാനെത്തിയിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റവർ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

إرسال تعليق