വോട്ടര്‍മാരെ തടഞ്ഞാല്‍ കര്‍ശന നടപടി; പോളിങ് തടസപ്പെടുത്തിയാല്‍ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ



കണ്ണൂർ:-വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂർണമായും സുതാര്യവും ഭയരഹിതവുമാക്കാൻ കർശന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.

വോട്ടർമാരെ സ്വാധീനിക്കുന്നതോ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതോ ആയ ഏതൊരു നീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തുകളില്‍ ഉടൻ റീപോളിങ് നടത്തുമെന്ന് കമ്മിഷൻ മുന്നറിയിപ്പ് നല്‍കി.

മുൻകാലങ്ങളില്‍ കള്ളവോട്ട്, ബൂത്ത് പിടിത്തം, വോട്ടിങ് യന്ത്രങ്ങളില്‍ വരുത്തുന്ന കേടുപാടുകള്‍ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു റീപോളിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിർദേശപ്രകാരം വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ, വോട്ട് ചെയ്യാൻ അനുവദിക്കാതെ തടയുകയോ, ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്താല്‍ ആ പോളിങ് റദ്ദാക്കും. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപമുള്ള ക്രമക്കേടുകള്‍ പോലും റീപോളിങ്ങിനുള്ള കാരണമായി കണക്കാക്കും.

തെരഞ്ഞെടുപ്പ് ദിവസം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും കമ്മിഷൻ ഗൗരവമായി കാണുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ വോട്ടെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് റീപോളിങ്ങിന് വഴിമാറുമെന്ന് കമ്മിഷൻ വ്യക്തമാക്കി. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാൻ വെബ്കാസ്റ്റിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പോളിങ് സ്റ്റേഷനുകളിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും കമ്മിഷൻ പ്രത്യേക ജാഗ്രതാ നിർദേശം നല്‍കി. വോട്ടർമാർക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പരാതികള്‍ ഉടനടി അറിയിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പരുകളും ആപ്പുകളും സജ്ജമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement