കുടിയാന്മല : സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ 4124 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലെത്താൻ 'ഓഫ് റോഡ് ഡ്രൈവ്' നടത്തേണ്ട അവസ്ഥയാണ്. കുടിയാന്മല-പൊട്ടൻപ്ലാവ്-പൈതൽമല റോഡിന്റെ പല ഭാഗവും തകർന്ന് അപകടാവസ്ഥയിലാണ്.
അവധിക്കാലം തുടങ്ങാനായതോടെ നിരവധിപേരാണ് പൈതൽമലയിൽ െട്രക്കിങ്ങിനും റിസോർട്ടുകളിലുമായി എത്തുക. എന്നാൽ, യാത്രാദുരിതം മൂലം സഞ്ചാരികളുടെ എണ്ണം കുറയുമോയെന്ന ആശങ്കയിലാണ്. കുടിയാന്മല ടൗൺ മുതൽ പൈതൽമലയുടെ താഴ്‌വാരം വരെ വീതികുറഞ്ഞ റോഡാണ്. കുത്തനെയുള്ള കയറ്റവും റോഡിലെ കുഴികളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കുടിയാന്മല ടൗണിലെ റോഡ് തുടങ്ങുന്ന ഭാഗം തന്നെ പൂർണമായും തകർന്നുകിടക്കുകയാണ്. 9.6 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 7.3 കിലോമീറ്റർ ജില്ലാ പഞ്ചായത്തിന്റേയും 2.3 കിലോമീറ്റർ ഏരുവേശ്ശി പഞ്ചായത്തിന്റേയുമാണ്. റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കും ഇതുവഴിയാണ് പോകേണ്ടത്. അവധിക്കാലങ്ങളിലും അതിനുശേഷം മഴക്കാലത്തും പൈതൽമലയിലേക്ക് നിരവധിയാളുകൾ എത്താറുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട മൺസൂൺ ടൂറിസം കേന്ദ്രം കൂടിയായതിനാൽ മഴക്കാലത്തും സഞ്ചാരികളുടെ തിരക്കുണ്ടാകാറുണ്ട്. മഴക്കാലത്തിന് മുന്നേ റോഡ് നവീകരിച്ചില്ലെങ്കിൽ കുത്തനെയുള്ള കയറ്റത്തിൽ അപകട സാധ്യത കൂടുതലാണ്. ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതൽമല - കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസംകേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസംകേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുക. വനംവകുപ്പുമായി ചേർന്നാണ് വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പാലക്കയംതട്ടിൽ 3.5 കോടി രൂപയുടെയും പൈതൽമല, കാപ്പിമല മേഖലയിൽ ഒരു കോടി രൂപയുടെയും മാസ്റ്റർപ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനം വകുപ്പും തയ്യാറാക്കുന്നത്. ഈ പദ്ധതി വഴിയെങ്കിലും റോഡ് വികസനം സാധ്യമാക്കണമെന്നാണ് ആവശ്യം.

إرسال تعليق