തലശ്ശേരി: വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. പാലയാട് സ്വദേശി അഖിലിനെ (33) ആണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പരിക്കേറ്റ ഭാര്യ മഞ്ജിമ (21), പിതാവ് സന്തോഷ്‌കുമാർ (62) എന്നിവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ തലശ്ശേരി കുടുംബകോടതിയിലെ സന്ദർശക മുറിയിലായിരുന്നു സംഭവം. കൗൺസിലിംഗിനും മീഡിയേഷനുമായി എത്തിയ മഞ്ജിമയെ അഖിൽ തള്ളിയിട്ട് ചവിട്ടുകയായിരുന്നു. ഇത് തടയാനെത്തിയ സന്തോഷ്‌കുമാറിന്റെ തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ സന്തോഷ്‌കുമാറിന് തലയിൽ ആറ് തുന്നിക്കെട്ടുകളുണ്ട്. ഉടൻ തന്നെ ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
മൂന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭർതൃപീഡനം സഹിക്കവയ്യാതെ മഞ്ജിമ സ്വന്തം വീട്ടിലായിരുന്നു താമസം. മുൻപും കോടതി പരിസരത്ത് വെച്ച് അഖിൽ ഇവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. അക്രമം നടത്തിയ അഖിലിനെ കോടതി റിമാൻഡ് ചെയ്തു.

إرسال تعليق