വിദേശിയുടെ നഷ്ടപ്പെട്ട ബാഗ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി നൽകി കണ്ണൂർ സിറ്റി സൈബർ പോലീസ്




കണ്ണൂർ: വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ വിദേശിക്ക് നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി കണ്ണൂർ സിറ്റി സൈബർ പോലീസ് മാതൃകയായി. സ്വിറ്റ്‌സർലാൻഡ് സ്വദേശിയായ ഡേവിഡ് സ്റ്റെയ്നർക്കാണ് തന്റെ പാസ്‌പോർട്ട്, ലാപ്ടോപ്പ്, വിദേശ കറൻസി തുടങ്ങിയവ അടങ്ങിയ ബാഗ് തിരികെ ലഭിച്ചത്. 2026 മാർച്ച് 28-ന് വൈകുന്നേരം ആറ് മണിയോടെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഡേവിഡ് കണ്ണൂർ സിറ്റി സൈബർ സ്റ്റേഷനിൽ എത്തി അറിയിച്ചത്.

കണ്ണൂരിലെ സന്ദർശനത്തിന് ശേഷം വയനാട്ടിലേക്ക് തിരിക്കുന്നതിനിടെ ഒരു കടയിൽ വിശ്രമിക്കാനായി കയറിയ ഡേവിഡ്, യാത്ര തുടർന്നതിന് ശേഷമാണ് ബാഗ് കൈവശമില്ലെന്ന കാര്യം ശ്രദ്ധിച്ചത്. എന്നാൽ ബാഗ് എവിടെയാണ് വെച്ചുപോയതെന്നോ ഏത് കടയിലാണെന്നോ കൃത്യമായി ഓർത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഉടൻ തന്നെ രംഗത്തിറങ്ങിയ സൈബർ പോലീസ് സംഘം ഡേവിഡിന്റെ യാത്രാ വിവരങ്ങൾ വിശദമായി ശേഖരിക്കുകയും ഡിജിറ്റൽ ടൈംലൈൻ പരിശോധിക്കുകയും ചെയ്തു. സന്ദർശിച്ച സ്ഥലങ്ങളും ഉപയോഗിച്ച ഡിജിറ്റൽ പേയ്‌മെന്റ് വിവരങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്തതോടെ ബാഗ് നഷ്ടപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ പോലീസ് ചുരുക്കിയെടുത്തു.

ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ഈ ദ്രുതഗതിയിലുള്ള പരിശോധനയിൽ ബാഗ് ഇരുന്ന കട കൃത്യമായി തിരിച്ചറിയാൻ പോലീസിന് സാധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗും അതിനുള്ളിലുണ്ടായിരുന്ന രേഖകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ഡേവിഡ് സ്റ്റെയ്നറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സാധനങ്ങൾ കൈമാറുകയും ചെയ്തു. തന്റെ യാത്ര പ്രതിസന്ധിയിലാകുമായിരുന്ന സാഹചര്യത്തിൽ വളരെ വേഗത്തിലും കാര്യക്ഷമമായും ഇടപെട്ട് ബാഗ് കണ്ടെത്തി നൽകിയ കേരള പോലീസിന് ഡേവിഡ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement