പയ്യന്നൂർ: കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്‌റ്ററന്റ് പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തനമാരംഭിക്കുന്നു. ദുബൈയിൽ മലബാർ എക്സ്പ്രസ് ട്രെയിൻ മാതൃകയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ പ്രസിദ്ധമാണ്. എന്നാൽ, പയ്യന്നൂരിൽ ട്രെയിൻ ബോഗി തന്നെ ഹോട്ടലാകുകയാണ്.
റെയിൽവേ സ്റ്റേഷൻ മുറ്റത്ത് പ്രത്യേക ട്രാക്ക് ഒരുക്കി ഇവിടേക്കാണ് കോച്ച് എത്തിച്ചത്. നേരത്തെ തൃക്കരിപ്പൂർ ഒളവറ റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിൽ നിർത്തിയിട്ട പഴയ ത്രി ടയർ എ.സി കോച്ച് പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ വ്യാഴാഴ്ചയാണ് ഖലാസികളുടെ സഹായത്തോടെ എത്തിച്ചത്.
മംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ഈ കോച്ച് ട്രാക്കിലെത്തിച്ച് ഇതിനകത്താണ് ഹോട്ടൽ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ പ്രധാന കവാടത്തിന് മുന്നിൽ, രാമന്തളി ബസുകൾ നിർത്തുന്ന ബസ് ബേക്ക് മുന്നിലാണ് ഇത് സ്ഥാപിക്കാൻ ട്രാക്ക് നിർമിച്ചിട്ടുള്ളത്. ഒളവറ റെയിൽവേ ഗേറ്റിൽനിന്ന് ഈ കോച്ച് റോഡ് മാർഗം കൂറ്റൻ ട്രൈലറിൽ കയറ്റിയാണ് പയ്യന്നൂരിലെത്തിച്ചത്. ഇതിനായി കുപ്പം ഖലാസിമാരുടെ 70, 50 ടൺ ഭാരമുയർത്തുന്ന രണ്ട് ക്രെയിനുകൾ ഉപയോഗിച്ചു.
റെയിൽവേ ടെക്നിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള പ്രവൃത്തി സമയത്ത് നാലുമണിക്കൂറോളം ലൈനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ലൈൻ അഴിച്ചുമാറ്റി വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. റോഡ് മാർഗം വരുന്നതിനാൽ ഇതര ഗതാഗതവും തടഞ്ഞിരുന്നു. വൈദ്യുതി ജീവനക്കാർ വാഹനത്തെ അനുഗമിച്ചു.
നാലുദിവസം മുമ്പ് കോച്ച് ട്രാക്കിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും 120 ടൺ ഭാരം ഉയർത്തുന്ന ക്രെയിൻ ലഭിക്കാത്തതിനാൽ മാറ്റിവെച്ചു. ഒരുകോച്ചിന്റെ ശരാശരി ഭാരം 40 ടണ്ണിനും 50 ടണ്ണിനുമിടയിലാണ്. കോച്ച് റസ്‌റ്ററന്റ് അഞ്ചുവർഷത്തേക്ക് നടത്താൻ നേരത്തേ ടെൻഡർ നൽകിയിരുന്നു. കരാറുകാരനാണ് കോച്ചിന് റസ്‌റ്ററന്റിന്റെ രൂപം നൽകുക. കോച്ച് എത്തിക്കാനുള്ള ചെലവും കരാറുകാരൻ വഹിക്കണം.
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 32 കോടിയോളം രൂപ ചെലവിലാണ് മുഖംമാറ്റൽ. സൗത്ത്-വെസ്‌റ്റേൺ റെയിൽവേയിൽ ബംഗളൂരുവിലും ഹുബ്ലിയിലും നിലവിൽ കോച്ച് റസ്‌റ്ററന്റ് പ്രവർത്തിക്കുന്നുണ്ട്.

إرسال تعليق