പാനൂർ: പുല്ലൂക്കര മുക്കിൽ പീടികയിലുള്ള പെരിങ്ങളം ഹോമിയോ ഡിസ്പെൻസറിയുടെ മുറ്റത്തു മുറിച്ചിട്ടു സൂക്ഷിച്ച തേക്ക് മരത്തടി കടത്തികൊണ്ടു പോയതായി പരാതി. സിപിഐ എം പെരിങ്ങളം ലോക്കൽ സെക്രട്ടറി പി പി ജാബിർ ചൊക്ലി പൊലീസിലും, ഹോമിയോ ഡിസ്പെൻസറി എച്ച്എംസി അംഗം കെ ബാലൻ നഗരസഭ സെക്രട്ടറിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. മുറ്റം ഇൻ്റർലോക്ക് ചെയ്യുന്നതിൻ്റെ ഭാഗമായാണ് 35 വർഷത്തിലേറെ പഴക്കമുള്ള തേക്ക് മരം മുറിച്ചത്. 180 സെൻ്റിമീറ്ററിലധികം ചുറ്റളവുള്ള മരത്തടി വ്യാഴം ഉച്ചക്ക് 12 മണിയോടെ രണ്ടു തൊഴിലാളികൾ വന്നു മുറിച്ചു ചെറുതാക്കി നഗരസഭയുടെ പിക്കപ്പ് വാനിൽ ഹെൽത്തു ഇൻസ്പെക്ടറും, മറ്റു നാലു പേരും ചേർന്നാണ് കടത്തികൊണ്ടുപോയത്.നഗരസഭയുടെ ആസ്തിയിൽപ്പെട്ട വസ്തു നിയമപരമായി ലേലത്തിൽ വെച്ചു വിപണനം നടത്തുന്നതിന് പകരം നഗരസഭ ഉദ്വോഗസ്ഥരും ജീവനക്കാരും ചേർന്നു വണ്ടിയിൽ കയറ്റി കൊണ്ടു പോകുകയാണ് ചെയ്തിരിക്കുന്നത്. നോട്ടീസ് ബോർഡിലോ, പത്രമാധ്യമങ്ങളിലോ ലേല പരസ്യം കൊടുത്തതായും കാണുന്നില്ല. സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

إرسال تعليق