പുതുജീവിതത്തിലേക്ക്; വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 'അടുത്ത മഴയ്ക്ക് മുന്‍പ് എല്ലാവര്‍ക്കും വീട്'



കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതർക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്.. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.

നല്ല പിന്തുണയാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. ആദിവാസി കുടുംബളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓർമകൾ കൂടി ഉയർന്നുവരുകയാണ്. പല നഷ്ടങ്ങൾക്കും ഈ വീടുകള്‍ പകരമാവാൻ കഴിയില്ല. എന്നാൽ സാമീപ്യം കൊണ്ട് നഷ്ടത്തിൽ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം. പാരസ്പര്യത്തിന്‍റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാൽ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നൽകരുത് എന്ന് ചിലർ പറഞ്ഞുമാധ്യമങ്ങൾ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. പുനരധിവാസത്തെ വൈരാഗ്യ ബുദ്ധിയോടെ ചിലർ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നൽകി. കർണാടക , ആന്ധ്ര സർക്കാരുകള്‍ 10 കോടി വീതം നൽകി. രാജസ്ഥാൻ അഞ്ചു കോടി നൽകി. കേന്ദ്രസർക്കാർ കടം എഴുതി തള്ളാൻ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാൻ പല തവണ സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്‍റെ നിർമാണ പ്രവർത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൽപ്പറ്റയിലെ സർക്കാർ സ്കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വീടിനും ഫർണിച്ചർ കൂടി നൽകുന്നത് പരിഗണിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു. നാട്ടിലെ തെമ്മാടികൾ സ്വീകരിക്കുന്ന നില ചില തെമ്മാടി രാഷ്ട്രങ്ങൾ സ്വീകരിക്കുകയാണ്. അമേരിക്ക അതിന് നേതൃത്വം നൽകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലരീതിയിലുള്ള വെല്ലുവിളികള്‍ക്കൊടുവിൽ പുഞ്ചിരിമട്ടത്തെ ജനങ്ങൾക്ക് പുഞ്ചിരി തൂകാൻ ഒരു മുറ്റം യാഥാർത്ഥ്യമാകുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തെ കഴുത്ത് ഞെരിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. തെരഞ്ഞെടുപ്പ് വന്നാലും ഒരു ദിവസം പോലും പണി മുടങ്ങില്ല. പിണറായി വിജയന്‍റെ ഇച്ഛാ ശക്തി കൊണ്ടാണ് ഈ നിലയിൽ പുനരധിവാസം നടന്നത്. ഭൂമി ഏറ്റെടുത്തപ്പോൾ കോടതി വ്യവഹാരങ്ങളിലേക്ക് കടന്നതാണ് ടൗൺ ഷിപ് വൈകാൻ കാരണമായത്. കല്ല് മാത്രം ഇട്ടു പോകുന്നവരല്ല ഞങ്ങൾ. കല്ലിട്ടാൽ അതിന്‍റെ മേലെ കല്ല് കെട്ടി അത് വീട് ആക്കുന്നവരാണ്. വിമർശനങ്ങൾ വന്നപ്പോളൊന്നും സർക്കാർ കുലുങ്ങിയില്ലെന്നും കെ രാജൻ പറഞ്ഞു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement