പയ്യന്നൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നിട്ടില്ല. അതു കൊണ്ടു തന്നെ ഇരുമുന്നണികളും ആര് സ്ഥാനാർഥിയാകും എന്ന കാര്യത്തിലും ഉറച്ച തീരുമാനത്തിലെത്തിയിട്ടില്ല.എന്നാൽ എരമത്തെ എൽ.ഡി എഫുകാർ അതിനൊന്നും കാത്തു നിൽക്കാതെ ചുമരെഴുത്ത് തുടങ്ങി. സ്ഥാനാർഥിയുടെ പേരിന്‍റെ സ്ഥലം ഒഴിച്ചു വെച്ച് ചിഹ്നം വരച്ചാണ് ചുമരെഴുതിയത്. സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ അവിടെ ആഡ് ചെയ്യുമെന്നാണ് പ്രവർത്തകർ പറയുന്നത്.
ഇപ്പോഴും സ്ഥാനാർഥികളുടെ കാര്യത്തിൽ അഭ്യൂഹങ്ങൾ മാത്രമാണ് മത്സരിച്ചു മുന്നേറുന്നത്. പയ്യന്നൂർ നിയമസഭ മണ്ഡലത്തിൽ ടി. ഐ. മധുസൂദനൻ തന്നെ സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പക്ഷെ, ഔദ്യോഗിക പ്രഖ്യാപനം വരാതെ പേരെഴുതാനാവില്ല. പ്രത്യേകിച്ച് വിവാദം കത്തുന്ന ഇക്കാലത്ത്. എരമം കണ്ണാപ്പള്ളി പൊയിലിലാണ് ചുമരെഴുത്ത് തുടങ്ങിയത്. കുമ്മായം വീശി മനോഹരമായി സ്ഥാനാർഥിയുടെ പേരൊഴിച്ചു വെച്ചുള്ള പ്രചാരണം നാട്ടിൽ കൗതുകമായി.
പയ്യന്നൂരിൽ സ്ഥാനാർഥി ആരായാലും ചിഹ്നംമാറില്ല എന്ന് പാർട്ടി പ്രവർത്തകർക്ക് ഉറപ്പുണ്ട്. അതും പ്രചാരണം നേരത്തെ തുടങ്ങാൻ കാരണമാണ്. മുൻകാലങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്ന പ്രചാരണ മാധ്യമം ചുമരുകളാണ്. എന്നാൽ നിറ സമൃദ്ധമായ ഫ്ലക്സുകളുടെ അധിനിവേശത്തോടെ ചുമരെഴുത്ത് കുറഞ്ഞു. എന്നാൽ പെരുമാറ്റ ചട്ടത്തിൽ ഫ്ലക്സുകൾക്കും പ്ലാസ്റ്റിക്കുകൾക്കും നിയന്ത്രണം വന്നതോടെ ചുമരെഴുത്തുകൾ തിരിച്ചു വരാൻ തുടങ്ങിയിട്ടുണ്ട്.

إرسال تعليق