16കാരിയെ ശ്വാസം മുട്ടിച്ച് കൊന്നു; പിന്നാലെ ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു, മുത്തശ്ശിയേയും കൊല്ലാൻ ശ്രമം



കോഴിക്കോട് :ചെലവൂരിനു സമീപം മൂഴിക്കലിൽ പതിനാറുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ
 ശേഷം ബന്ധുവായ ഇരുപതുകാരൻ ജീവനൊടുക്കിയ നിലയിൽ. ഇരുനില വീട്ടിലെ രണ്ടു മുറികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച യുവാവിന്റെ മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നുവെന്നത് സംഭവത്തിലെ പിന്നിലെ ദുരൂഹത വർധിപ്പിച്ചു. ചേവായൂർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടിയുടെ വീട്ടിലായിരുന്നു ഉമ്മയുടെ മൂത്ത സഹോദരിയുടെ മകൻ കൂടിയായ യുവാവ് മുൻപ് താമസിച്ചു വന്നത്. സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവാവിനെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അടുത്തിടെ പുറത്താക്കിയിരുന്നു. തിങ്കളാഴ്ച രാത്രി ഇയാൾ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു വീട്ടിൽ കയറിയെന്നാണ് സംശയം. വീട്ടിലെ സിസിടിവികൾ ഓഫ് ചെയ്ത നിലയിലായിരുന്നു. യുവാവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് വ്യക്തമല്ല.

പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. മുകൾനിലയിൽ ശബ്ദം കേട്ട് പെൺകുട്ടിയുടെ മുത്തശ്ശി വന്നുനോക്കുമ്പോഴാണ് മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ പെൺകുട്ടിയെ കണ്ടതെന്നാണ് വീട്ടുകാർ നൽകിയ വിവരം. തുടർന്ന് നോക്കുമ്പോഴാണ് യുവാവിനെ കണ്ടെത്തിയത്. ബഹളം വച്ചതോടെ പരിസരത്തുള്ളവർ എത്തി യുവാവിനെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടു. ശേഷം പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരം അറിയിച്ചതു പ്രകാരം വീട്ടിൽ പൊലീസ് എത്തിയപ്പോഴേക്കും യുവാവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുഖത്ത് സെല്ലോടേപ്പ് ചുറ്റിയ നിലയിൽ ആയിരുന്നുവെന്നും ഇയാൾ വിഷം കഴിച്ചിരുന്നതായും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹമെന്നും പറയുന്നു.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിൽ ഉണ്ടായിരുന്ന മുത്തശ്ശിയേയും ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബഹളം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ ബലം പ്രയോഗിച്ച് മറ്റൊരു മുറിയിലാക്കി പൂട്ടിയിട്ട ശേഷം പെൺകുട്ടിയേയും മുത്തശ്ശിയേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും തിരിച്ചെത്തിയപ്പോൾ യുവാവിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന മറ്റൊരു വിവരവും ഉണ്ട്. യുവാവിന്റെ മൃതദേഹത്തിൽ മുഖത്തും വായിലും സെല്ലോടേപ് ഒട്ടിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ പറയുന്നു.
കുടുംബത്തർക്കമാണോ വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പരിശോധിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് യുവാവ് മോഷണം നടത്താൻ ശ്രമിച്ചത് ഈ പെൺകുട്ടി കണ്ടെത്തിയിരുന്നതായും ഇതേക്കുറിച്ച് കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഇതേത്തുടർന്ന് അഞ്ചു മാസം മുൻപ് യുവാവിനെ ഈ വീട്ടിൽ നിന്ന് മാറ്റി താമസിപ്പിച്ചിരുന്നു. പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു പെൺകുട്ടി.

വൈരുധ്യമുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ വിശദമായ മൊഴിയും ലഭിച്ചാൽ മാത്രമേ മരണങ്ങളുടെ പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂവെന്നും ആണ് പൊലീസ് പറയുന്നത്. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, അസിസ്റ്റന്റ് കമ്മിഷണർ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Post a Comment

أحدث أقدم

Join Whatsapp

Advertisement