തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ (08.00-am) 4.38 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 6.50 ശതമാനം, കൊല്ലം 4.50 ശതമാനം, പത്തനംതിട്ട 5.20 ശതമാനം, ആലപ്പുഴ 5.30 ശതമാനം, കോട്ടയം 5.10 ശതമാനം, ഇടുക്കി 3.10 ശതമാനം, എറണാകുളം 5.00 ശതമാനം, തൃശൂർ 5.50 ശതമാനം, പാലക്കാട് 3.20 ശതമാനം, മലപ്പുറം 3.60 ശതമാനം, കോഴിക്കോട് 4 ശതമാനം, വയനാട് 3.41 ശതമാനം, കണ്ണൂർ 3.60 ശതമാനം, കാസർകോട് 3.67 ശതമനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് ശതമാനം.
തലസ്ഥാന ജില്ലയിൽ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ കടുത്ത ത്രികോണ പോരിൽ കടന്നുകൂടാമെന്ന പ്രതീക്ഷയിൽ ആരും പിന്നിലല്ല. ഭരണ വിരുദ്ധ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ യു.ഡി.എഫും ബിജെ.പിയും കാര്യമായി ശ്രമിച്ചു. ബി.ജെ.പിയോ ഇടതോ എന്ന് മാത്രം സംശയിച്ചിരുന്ന നേമത്ത് കോൺഗ്രസിലെ കെ.എസ്. ശബരീനാഥൻ കടുത്ത വെല്ലുവിളി ഉയർത്തയതോടെ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. നഷ്ടപ്പെട്ട, കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ശബരി. കഴിഞ്ഞ തവണത്തെ അനുകൂല ഘടകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ മന്ത്രി ശിവൻ കുട്ടിയും. ലോക്സഭ, തദ്ദേശ ആധിപത്യം തുടർന്ന് വീണ്ടും താമര വിരിയിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
സമാന സാഹചര്യമുള്ള വട്ടിയൂർക്കാവിൽ അവസാനമായപ്പോൾ കെ. മുരളീധരനും വി.കെ.പ്രശാന്തും തമ്മിലാണ് പോര്. ലോക്സഭയിൽ ബി.ജെ.പി. മുന്നിലെത്തിയ കഴക്കൂട്ടവും ഫോട്ടോ ഫിനിഷിലേക്കാണ് പോകുന്നത്. കാൽനൂറ്റാണ്ട് കൈവെള്ളയിലിരുന്ന പത്തനാപുരത്ത് കേരള കോൺഗ്രസിലെ മന്ത്രി കെ..ബി. ഗണേഷ് കുമാർ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയിൽ നിന്ന് നേരിടുന്നത്. ആറന്മുളയിൽ ആരോഗ്യമന്തി വീണാ ജോർജിന് മുന്നിൽ യൂത്ത്കോൺഗ്രസ് നേതാവ് അബിൻവർക്കി അട്ടിമറി പ്രതീതി സൃഷ്ടിക്കുന്നു. മാത്യൂ ടി. തോമസ് നാല് തവണയായി അനായാസം വിജയിക്കുന്ന തിരുവല്ലയും ആടിയുലയുകയാണ്.
അനായാസ വിജയം തേടിയിറങ്ങിയ മന്ത്രി വി.എൻ. വാസവൻ ഏറ്റുമാനൂരിൽ വിയർക്കുന്ന ചിത്രമാണ് ഒടുവിൽ. 47 വർഷത്തിന് ശേഷം കോൺഗ്രസ് നേരിട്ട് അങ്കത്തിനിറങ്ങിപ്പോൾ മത്സരം മുറുകി. കെ.എം. മാണിയുടെ കോട്ടയായിരുന്ന പാല ഇക്കുറി പ്രവചനാതീതമാണ്. മാണി ഗ്രൂപ്പിന് ജീവൻ മരണ പോരാട്ടമാണ്. ബി.ജെ.പി പിടിക്കുന്ന ഓരോ വോട്ടും ഫലത്തിൽ പ്രതിഫലിക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിൽ കോൺഗ്രസ് അട്ടിമറി ഭീഷണി ഉയർത്തുകയാണ്. ദേവികുളത്തിന് പുറമെ ഉടുമ്പൻ ചോലയിലും യു.ഡി.എഫും ഇടതും ഇഞ്ചോടിഞ്ച് പോരടിക്കുന്നു. സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ജി. സുധാകരൻ സ്വതന്ത്രനായി ഇറങ്ങിയ അമ്പലപ്പുഴ സംസ്ഥാനം കാതോർക്കുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. എവിടെ തോറ്റാലും അമ്പലപ്പുഴ വിജയിക്കണമെന്ന വാശിയിലാണ് സി.പി.എം.
കുന്നത്തുനാട്, കോതമംഗലം, കൊച്ചി മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ്. ട്വന്റി 20 എൻ.ഡി.എയിൽ വന്നതോടെ അവരിൽ നിന്ന് മാറിയ വോട്ടുകളിലാണ് ഇടത് -യു.ഡി.എഫ് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലെല്ലാം അട്ടിമറി വിജയം നേടാനാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. നിലനിർത്താൻ തന്ത്രങ്ങളൊരുക്കുകയാണ് എൽ.ഡി.എഫ്. കൊച്ചി, കോതമംഗലം മണ്ഡലങ്ങളിൽ സഭകളുടെ നിലപാടും നിർണായകം. കടുത്ത മത്സരമാണ് തൃശൂരും മണലൂരും. ത്രികോണ പോരിൽ തൃശൂർ പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. മണലൂരിൽ കടുപ്പമേറിയിട്ടുണ്ട്. ഇടത് കോട്ടകളിൽ കാര്യമായ ഇളക്കങ്ങൾ പ്രകടമല്ല. പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം. ത്രികോണ പോരുള്ള പാലക്കാട് കഴിഞ്ഞ തവണത്തെ ഘടങ്ങളൊക്കെ കൃത്യമായി പ്രവർത്തിച്ചാൽ വിജയം രമേഷ് പിഷാരടിക്കാകും. അതിൽ വിള്ളൽ സൃഷ്ടിച്ച് വിജയിക്കാനാണ് മറ്റുള്ളവരുടെ ശ്രമം. സ്ഥാനാർഥി മികവുകൊണ്ട് കടുപ്പമേറിയ മത്സരത്തിൽ തിളച്ചുമറിയുകയാണ് തൃത്താല.
മലപ്പുറത്ത് തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണ് കടുത്ത മത്സരം. തവനൂർ അട്ടിമറിക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൾ. നിലനിർത്താൻ സർവ പ്രയോഗവും ഇടതുപക്ഷം നടത്തുന്നു. പൊന്നാനിയെ കോട്ട കെട്ടി നിർത്താനും. തരംഗമാണെങ്കിൽ അതും ഒഴുകിപോകാം.
സംസ്ഥാനത്ത് ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലേറെയും കോഴിക്കോട് ജില്ലയിലാണ്. ഇടത്കോട്ടകളായ പല മണ്ഡലങ്ങളിലും ഇക്കുറി കടുത്ത വെല്ലുവിളി സൃഷ്ടിക്കാൻ യു.ഡി.എഫിനായി. പേരാമ്പ്രയും ബേപ്പൂരും സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന മത്സരങ്ങളായി. നാദാപുരം, കൊയിലാണ്ടി, കുന്ദമംഗലം, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, സൗത്ത് എന്നിവിടങ്ങളിലെല്ലാം അക്ഷരാർഥത്തിൽ പൊരിഞ്ഞപോര്. അനായാസം ഇടതുപക്ഷം വിജയിക്കുമെന്ന് പ്രതീക്ഷിച്ച കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നു.

Post a Comment