നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായി വോട്ട് സംബന്ധിച്ച് ചില അവ്യക്തതകൾ നിലവിലുള്ളതായി ശ്രദ്ധയിൽ പെട്ടതിനാലാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്.
ഒരു പോളിങ് സ്റ്റേഷനിൽ ഒരു ശതമാനത്തിൽ അധികം സഹായി വോട്ട് ഉണ്ടാകരുത് എന്ന് നിയന്ത്രണമില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ പ്രകാരം ഒരു പോളിങ് സ്റ്റേഷനിൽ ആകെ വോട്ടർമാരുടെ ഒരു ശതമാനത്തിൽ കൂടുതൽ സഹായി വോട്ട് ഉണ്ടാവുകയാണെങ്കിൽ ആ പോളിങ് സ്റ്റേഷനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ പോളിങ് നടന്നതിന് ശേഷമുള്ള ദിവസം പ്രത്യേക സൂക്ഷ്മ പരിശോധന നടത്തണം എന്നാണ് നിഷ്കർഷിക്കുന്നത്.
കാഴ്ചാപരിമിതി മൂലമോ ശാരീരിക അവശതകൾ മൂലമോ ബാലറ്റ് യുനിറ്റിലെ ചിഹ്നം തിരിച്ചറിയാൻ സാധിക്കാതിരിക്കുകയോ ബാലറ്റ് യൂനിറ്റിൽ സ്വയം വിരലമർത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതോ ആയ വോട്ടർമാർക്ക് വോട്ടു രേഖപ്പെടുത്താൻ സഹായിയുടെ സേവനം തേടാൻ സംവിധാനം നിലവിലുണ്ട്. (Rule 49N of the Conduct of Elections Rules, 1961).
ഈ സംവിധാനം കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് നടപ്പിലാക്കുന്നത്.
പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സഹായിയുടെ സേവനം അനുവദിക്കുകയുള്ളൂ.
സഹായിയുടെ സേവനം അനുവദിക്കണമോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് പ്രിസൈഡിംഗ് ഓഫീസറാണ്.
പ്രിസൈഡിംഗ് ഓഫീസർ ഇത്തരം വോട്ടർമാരുടെ വിശദ വിവരങ്ങളടങ്ങിയ പട്ടിക (Form 14A) തയ്യാറാക്കി റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കുകയും വേണം.
ഇക്കാര്യം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥർ, വരണാധികാരികൾ, സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
-ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, കണ്ണൂര്‍

Post a Comment