രാജ്യം നിർണ്ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇത് കേവലം ഒരു ഭരണമാറ്റത്തിനായുള്ള തെരഞ്ഞെടുപ്പല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പുരോഗതിയും മതേതരത്വവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെ കേരളത്തിന്റെ ദുരവസ്ഥയ്ക്ക് അറുതിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നണികൾ മാറി മാറി ഭരിക്കുന്നത് വികസനത്തെ ബാധിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് 2021-ൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച നൽകിയത്. യു.ഡി.എഫ് ഭരിക്കുമ്പോൾ സ്വന്തം താല്പര്യങ്ങൾ മാത്രം നോക്കി നാടിനെ ശപിക്കപ്പെട്ട അവസ്ഥയിലാക്കിയപ്പോൾ, എൽ.ഡി.എഫ് ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള സേവനങ്ങളിൽ കൃത്യത ഉറപ്പാക്കി. കേരളം നടപ്പിലാക്കിയ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ലോകം അത്ഭുതത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ് തുടക്കമിട്ട ആഗോളവത്കരണ നയങ്ങളാണ് ബി.ജെ.പി പിന്തുടരുന്നത്, ഇത് രാജ്യത്ത് ദാരിദ്ര്യം വർദ്ധിപ്പിച്ചു. പൗരത്വ വിഷയത്തിൽ കോൺഗ്രസ് ബി.ജെ.പിയുടെ ബി-ടീമായി പ്രവർത്തിക്കുകയാണ്.
പൗരത്വ രജിസ്റ്റർ രാജ്യത്ത് ആദ്യമായി കൊണ്ടുവന്നത് കോൺഗ്രസാണ്. എന്നാൽ കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ എൽ.ഡി.എഫിന് ഭയമില്ല. മുസ്ലിം ലീഗിന് ബി.ജെ.പിയെ ഭയമാണോ എന്നും, കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനം ഈ നിയമത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെയും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായപ്പോഴും മുണ്ടക്കൈ – ചൂരൽമല ദുരന്തസമയത്തും കേരളത്തിന് ലഭിക്കേണ്ട അർഹമായ സഹായങ്ങൾ കേന്ദ്രം നിഷേധിച്ചു. വിദേശ സഹായങ്ങൾ പോലും കേന്ദ്രം തടഞ്ഞു. അർഹമായ നികുതി വിഹിതം നൽകാതെയും വായ്പാ പരിധി വെട്ടിക്കുറച്ചും കേരളം വികസിക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ബി.ജെ.പി വേരുറപ്പിച്ചാൽ നാട്ടിൽ അക്രമങ്ങൾ വർദ്ധിക്കുമെന്നും ആരെയും ഭയപ്പെടാതെ ജനപക്ഷത്തുനിന്ന് എൽ.ഡി.എഫ് പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

إرسال تعليق