ചെറുപുഴ: ചെറുപുഴ ടൗണിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില കുറച്ചു. 12 രൂപയായിരുന്ന ചായയ്ക്കും എണ്ണക്കടികൾക്കും 14 രൂപയായി വർദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാരും വിവിധ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുവരികയും ചെറുപുഴ പഞ്ചായത്ത് അധികൃതർ സർവ്വകക്ഷിയോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ബുധനാഴ്ച ചെറുപുഴ പഞ്ചായത്ത് ഓഫീസിൽ വീണ്ടും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവരുമായി പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്തംഗങ്ങൾ എന്നിവർ നടത്തിയ ചർച്ചയിലാണ് വില കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്
ചായ, എണ്ണക്കടികൾ എന്നിവയ്ക്ക് 14 രൂപയിൽനിന്ന് 13 രൂപയായും, ഊണിന് 70 രൂപയിൽ നിന്ന് 65 രൂപയായും വില കുറയ്ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

إرسال تعليق