ആശയവിനിമയത്തിനും പഠനത്തിനുമുള്ള മാധ്യമം എന്നതിലപ്പുറം ഭാഷയുടെയും ഗവേഷണത്തിന്റെയും അനന്ത സാദ്ധ്യതകൾ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നു കൊണ്ട് ഇന്റേൺഷിപ് പ്രോഗ്രാം തുടങ്ങി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്.
മലയാളം ബിരുദ ബിരുദാനന്തര ഗവേഷണ വിഭാഗമാണ് മലയാളം എഫ് വൈ.യു. ജി. പി (നാല് വർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം) വിദ്യാർത്ഥികൾക്കായി അക്കാദമിക് ഗവേഷണവും രചനയും അടിസ്ഥാനമാക്കി ഇന്റേൺഷിപ്പ് പ്രോഗ്രാം തുടങ്ങിയത്. ഉത്തരകേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ കോളജിൽ ഇത്തരത്തിൽ ഇൻ്റേൺഷിപ്പ് തുടങ്ങുന്നത്.
തൊഴിൽ പരീശിലനത്തിന് പുറമെ ഗവേഷണ അഭിരുചി വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്കാദമിക് രചനയും ഗവേഷണവും അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാം ആരംഭിച്ചത്.
കേരളത്തിലെ വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്കാണ് ഇൻ്റേൺഷിപ്പിന് അവസരം ലഭിച്ചിട്ടുള്ളത്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ 10 വിദ്യാർത്ഥികളും കേരള യൂണിവേഴ്സിറ്റിയിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികളുമാണ് ഇൻ്റേൺഷിപ്പിൽ പങ്കാളികളായത്.
നാലാം സെമസ്റ്ററിലെ വിദ്യാർത്ഥികളാണ് 15 മുതൽ 20 ദിവസം വരെയുള്ള ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കോളേജിൽ എത്തിയത്.
ഇൻ്റേൺഷിപ്പ് സൗജന്യമാണ്. രണ്ട് ക്രെഡിറ്റ് പോയിന്റും വിദ്യാർത്ഥികൾക്ക് ലഭിക്കും. വകുപ്പദ്ധ്യക്ഷൻ ഡോ. സന്തോഷ് മാനിച്ചേരി ഉദ്ഘാടനം ചെയ്തു. ഡോ. എൻ ലിജി, ഡോ.കെ രാജേന്ദ്രൻ, ഡോ. ആർ രാജശ്രീ എന്നിവരാണ് ഇൻ്റേൺഷിപ്പ് മെൻ്റർമാർ.

إرسال تعليق