കൊടും ചൂട്; മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു



ഇരിട്ടി: കൊടും ചൂടിൽ പഴശ്ശി പദ്ധതി പ്രദേശത്തെ ശുദ്ധജല മത്സ്യകൃഷി പദ്ധതിയിലെ മത്സ്യങ്ങൾ ചത്തുപൊന്തുന്നു. എടക്കാനം, വള്ള്യാട് മേഖലയിൽ സ്വശ്രയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ശുദ്ധജല മത്സ്യകൃഷിയിൽ നിന്നുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങുന്നത്.

ഫിഷറീസ് വകുപ്പിന്റെ മത്സ്യ കർഷക വികസന ഏജൻസിയിൽ നിന്നും സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതികളിൽ വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തടെ ചത്തിരിക്കുന്നത്. പഴശ്ശി പദ്ധതിയുടെ വെള്ളത്തെ ആശ്രയിച്ചാണ് പദ്ധതി തുടങ്ങിയത്.

കൊടും ചൂടിൽ പഴശ്ശിയിൽ ദിനം പ്രതി മൂന്ന് മുതൽ അഞ്ചു സെന്റീമീറ്റർ വരെയാണ് വെള്ളം താഴുന്നത്. ഇതോടെ ശുദ്ധജല മത്സ്യതടാകങ്ങളിലും കുളങ്ങളിലും വെള്ളത്തിന്റെ വലിയ കുറവുണ്ടായി. ഇതോടെ വെയിലേറ്റ് വെള്ളത്തിന്റെ ഊഷ്മാവ് ക്രമാതീതമായി ഉയർന്നതോടെയാണ് മത്സ്യ വളർത്തലിന് തിരിച്ചടിയായിയത്.

വള്ളിയാട് ചെറുവോട് യുവധാര സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മത്സ്യകൃഷിക്കായി അറുപതിനായിരം കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും കഴിഞ്ഞ ദിവസങ്ങളിൽ ചത്തുപൊന്തി.

വള്ളിയാട് തന്നെയുള്ള ബാലന്റെ നേതൃത്വത്തിലുള്ള സംരംഭകർ വളർത്തുന്ന മത്സ്യകൃഷിക്കും വൻ നഷ്ടമാണുണ്ടായത്. വിൽപ്പനക്ക് തയാറായ ഒരു കിലോക്ക് മുകളിലുള്ള മത്സ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തത്. ചത്ത മത്സ്യങ്ങൾ വെള്ളം കുറഞ്ഞ വളർത്തു കേന്ദ്രങ്ങളിൽനിന്നും മാറ്റിയില്ലെങ്കിൽ അവശേഷിക്കുന്ന മത്സ്യങ്ങളേയും ബാധിക്കും. വലിയ നഷ്ടമാണ് ചൂട് മൂലം ഉണ്ടായിരിക്കുന്നതെന്ന് മത്സ്യ കർഷകനായ പി. തമ്പാൻ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement