‘ഇത് ദൈവത്തിന്റെ സമ്മാനം’; പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട കാർ തകർത്തു, ഇംഗ്ലിഷിലും ഹിന്ദിയിലും കുറിപ്പ്



പഴയങ്ങാടി: റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട കാർ തകർത്തു. ഞായറാഴ്ച രാവിലെയാണ് കാറിന്റെ നാല് ഭാഗത്തെയും ചില്ലുകൾ, ഹെഡ്‌ലൈറ്റ് എന്നിവ തകർത്ത നിലയിൽ കണ്ടെത്തിയത്. മുൻഭാഗത്തെ ചില്ലിന് താഴെയായി ചുവന്ന മാർക്കർ ഉപയോഗിച്ച് ‘ഇത് ദൈവത്തിന്റെ സമ്മാനം’ എന്ന് ഇംഗ്ലിഷിൽ എഴുതിയിട്ടുമുണ്ട്. ഹിന്ദിയിലും കുറിപ്പുണ്ട്.

കഴിഞ്ഞദിവസം ട്രെയിൻ യാത്രക്കാരനായ ഡോക്ടറാണ് കാർ ഇവിടെവച്ച് പോയതെന്നും കാറുടമ ഇന്ന് സ്ഥലത്തെത്തുമെന്നും പൊലീസ് പറയുന്നു. കാറിനടത്തുണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലും കേടുപാട് വരുത്തിയിട്ടുണ്ട്. അതിക്രമം നടന്ന ഓട്ടോറിക്ഷകളിൽനിന്നു മോഷണം നടന്നതായി പരാതിയുണ്ട്. കാറുടമ സ്ഥലത്തെത്തിയാൽ മാത്രമേ കാറിൽ മോഷണം നടന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുകയുള്ളൂ.

പാർക്കിങ് കേന്ദ്രത്തിനു സമീപമുണ്ടായിരുന്ന, റെയിൽവേയുടെ ഇരുമ്പ് സാധനങ്ങൾ ഉപയോഗിച്ചാണ് കാർ തകർത്തത്. കാറിന്റെ ഹെഡ് ലൈറ്റ് തകർന്ന ഭാഗത്ത് അക്രമത്തിന് ഉപയോഗിച്ച് ഇരുമ്പ് ലോക്ക് കാണാം. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പാർക്കിങ് കേന്ദ്രത്തിനോടുചേർന്ന റോഡരികിൽ സുരക്ഷാഭിത്തിയില്ലാത്തതും ആവശ്യത്തിന് വെളിച്ചമില്ലാത്തതും അക്രമികൾക്ക് സൗകര്യമാകുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement