ഐടി പ്രഫഷനലായ മലയാളി യുവതിയെ കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ (36) ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ടു ദിവസമായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് തിരിച്ച ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. ഒറ്റയ്ക്കായിരുന്നു ശരണ്യയുടെ യാത്ര.
കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് യാത്ര ചെയ്തത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. വനംവകുപ്പ് ചെക്ക്പോസ്റ്റിൽ തിരിച്ചറിയൽ കാർഡും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. ഏപ്രിൽ രണ്ടിനാണ് ശരണ്യ ട്രക്കിങ് ആരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ശരണ്യ വഴിതെറ്റി ഉൾക്കാട്ടിലേക്ക് പോയതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

Post a Comment