കല്ലും മണ്ണും പുഴയിലേക്ക് തള്ളി മലിനമായി കുപ്പം പുഴ



നടുവിൽ : വൻകിട കുടിവെള്ളപദ്ധതിക്കായി നിർമിക്കുന്ന കിണറിന്റെ കല്ലും മണ്ണും പുഴയിലേക്ക് തള്ളുന്നു. പയ്യന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് കുപ്പം പുഴയുടെ ചപ്പാരപ്പടവ് ഭാഗത്ത് നിർമിക്കുന്ന കിണറിന്റെ അവശിഷ്ടങ്ങളാണ് പുഴയിലേക്ക് തള്ളിയത്. ചപ്പാരപ്പടവ് -കൊട്ടക്കാനം റോഡരികിൽ പറക്കോട് കൊടുംകയത്താണ് കിണർ നിർമാണം നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ അമൃതം പദ്ധതിയിൽ 26 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

2015-20 കാലത്ത് വിഭാവനംചെയ്ത പദ്ധതിയാണിത്. ഇതിനായി ചപ്പാരപ്പടവ് പുഴയിൽ കിണർ കുഴിച്ച് വെള്ളം പമ്പുചെയ്യാനായിരുന്നു തീരുമാനം. എടക്കോം മഠംതട്ടിലെ ജലശുദ്ധീകരണ പ്ലാന്റിലെത്തിച്ച ശേഷം പൈപ്പുവഴി പയ്യന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് വെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി ജലസംഭരണിയും ശുദ്ധീകരണ പ്ലാന്റും നിർമിച്ചു. പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിക്കുകയും ചെയ്തു. ചപ്പാരപ്പടവ് പ്രദേശവാസികളുടെ എതിർപ്പുമൂലമാണ് കിണർനിർമാണം നടക്കാതിരുന്നത്.

ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നു. ഇതിൽ കാട്ടാമ്പള്ളി പുഴയിൽ ചെക്ക്ഡാം നിർമിച്ച് ജലം സംഭരിച്ചുവെക്കാൻ ധാരണയായി. ഇപ്പോൾ ഡാം നിർമാണം നടന്നുവരികയാണ്. മാറ്റിവച്ച കുടിവെള്ളം പമ്പു ചെയ്യാനുള്ള കിണർനിർമാണം രണ്ടുമാസം മുമ്പ് ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള കല്ലും മണ്ണുമാണ് മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുംവിധത്തിൽ പുഴയിലേക്ക് തള്ളുന്നത്.

പറക്കോട് ഭാഗത്ത് പുഴയിൽ വൻതോതിൽ മണ്ണും കല്ലും മറ്റ് അവശിഷ്ടങ്ങളും കെട്ടിക്കിടക്കുകയാണ്. ഒഴുക്ക് തടസ്സപ്പെട്ടതിനാൽ പുഴ മലിനമാകുന്നതായി നാട്ടുകാർ ഗ്രാമപ്പഞ്ചായത്തിൽ പരാതിപ്പെട്ടു. തുടർന്ന് ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടവരോട് മണ്ണുനീക്കാൻ നിർദേശം നൽകി. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് പുഴ പുറംപോക്കിലെ നിരവധി മരങ്ങളും ചെടികളും നശിപ്പിച്ചിട്ടുമുണ്ട്. കടുത്ത വേനലിൽ പുഴയിലെ നീരൊഴുക്ക് തീർത്തും കുറഞ്ഞിരിക്കുകയാണ്. പുഴ കലങ്ങി മലിനമായതോടെ കുളിക്കാനും അലക്കാനും പുഴയെ ആശ്രയിക്കുന്ന കൊട്ടക്കാനം, തേറണ്ടി, കൂവേരി, വായാട്, പ്രദേശങ്ങളിലെ ആളുകൾ ബുദ്ധിമുട്ടിലായിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement