കാസർഗോഡ്: രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 6 വയസുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ജനലിലൂടെ അയൽവാസി പകർത്തുകയായിരുന്നു. രണ്ടാനച്ഛനിൽ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിരുന്നു. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു.മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി. പൊലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമം നടത്തിയെന്നും പിതാവ് . പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

إرسال تعليق