കണ്ണൂരിലെ ക്വാറികളിൽ സമരം നടക്കുന്നതിനാൽ നിർമാണ മേഖല പ്രതിസന്ധിയിൽ. ചെങ്കല്ല് ലഭിക്കാതെ നിർമാണം മുടങ്ങുന്ന അവസ്ഥയാണ്. കല്ലിന്റെ വില കൂട്ടണമെന്ന ആവശ്യമുന്നയിച്ചാണ് ചെങ്കല്ല് ക്വാറികളിൽ രണ്ടാഴ്‌ചയായി സമരം നടക്കുന്നത്.
നിലവിൽ കണ്ണൂരിൽനിന്ന് കല്ല് നിർമാണ കേന്ദ്രത്തിലെത്തുന്പോൾ ഒന്നിന് 58 രൂപയാണ് ഇൗടാക്കുന്നത്. ക്വാറി ഉടമകൾ എട്ട് രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരംചെയ്യുന്നത്. ഇതോടെ കല്ലിന് 66 രൂപയായി ഉയരും. നഗരത്തിൽനിന്ന് ഏറെ ദൂരെയുള്ള സ്ഥലങ്ങളിലെത്തുന്പോൾ 68 വരെയാകും. ഇത് സാധാരണക്കാരുടെ വീട് നിർമാണത്തെയും തൊഴിലാളികളെയും സാരമായി ബാധിക്കും. നിലവിലെ തുകയ്‌ക്ക് കല്ല് എത്തിക്കുന്പോൾ കൂലിയും യാത്രാചെലവും ടോളും കഴിയുന്പോൾ നാമമാത്ര തുകയാണ് ലഭിക്കുന്നതെന്ന് വാഹന ഉടമകൾ പറയുന്നു. കണ്ണൂരിലെ 500 ക്വാറികളാണ് സമരം ചെയ്യുന്നത്. പെർമിറ്റുള്ള ക്വാറികൾ 55 എണ്ണം മാത്രമേയുള്ളൂ. പെർമിറ്റ് ഇല്ലാത്ത ക്വാറികളാണ് തുകകൂട്ടി കൊള്ള നടത്താൻ ശ്രമിക്കുന്നതെന്നും കല്ലുമായി പോകുന്ന വാഹനങ്ങളെ പിടിച്ച് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കി, ഇത്തരം ക്വാറികളിൽ പരിശോധന നടത്തണമെന്നും ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ് പറഞ്ഞു. എട്ട് ഇഞ്ച് വീതിയും 14 ഇഞ്ച് നീളവുമുള്ള കണ്ണൂർ കല്ലാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ക്വാറിയിൽ ഒന്നിന് 24 രൂപയാണ് നൽകേണ്ടത്. ക്വാറികളുടെ പെർമിറ്റ് തുകയോ മറ്റൊന്നും കൂട്ടാത്ത സാഹചര്യത്തിൽ കല്ലിന് വില കൂട്ടുന്നതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. നിലവിൽ പ്രതിസന്ധി നേരിടുന്ന നിർമാണ മേഖലയെ കൂടുതൽ പ്രയാസത്തിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തൽ.

Post a Comment