തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് നാളെ പോളിയോ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ ശിശു ആശുപത്രിയിൽ ജൂൺ 28ന് രാവിലെ എട്ടുമണിക്ക് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷനാകും.
പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനത്തെ ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചു. അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങൾക്ക് ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുളള 19,80,224 കുട്ടികൾക്കാണ് ഞായറാഴ്ച
പോളിയോ തുള്ളിമരുന്ന് നൽകുക
. ഇതിനായി 22,288 ബൂത്തുകളാണ് സജീകരിച്ചിട്ടുള്ളത്. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് പോളിയോ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.
സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നകുന്നതിന് 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, ഒമ്പത് ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ. വാക്സിൻ, അവ സൂക്ഷിക്കാനുള്ള ഐ.എൽ.ആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്സ്, വാക്സിൻ കാരിയർ തുടങ്ങിയ ശീതീകരണ ഉപാധികളും തയ്യാറാക്കിയിട്ടുണ്ട്.
പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് ജൂൺ 29, 30 തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും. ആരോഗ്യ പ്രവർത്തകർക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് വൊളൻറിയർമാർ. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വാക്സിൻ വിതരണം നടക്കുക.

إرسال تعليق