കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു: തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർണായക വിധി



കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി.

സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പേരെയാണ് വെറുതെവിട്ടത്. 2018 മാര്‍ച്ച്‌ 14 നായിരുന്നു ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചത്.

പ്രതിഷേധ കൂട്ടായ്മ നേതാവ് സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി, സി. മനോഹരന്‍, നോബില്‍ എം. പൈകട ഉള്‍പ്പെടെയുള്ളവര്‍ പെട്രോള്‍ നിറച്ച കുപ്പികളുമായി ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

49 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും 28 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിക്കല്‍, ഉദ്യോഗസ്ഥരെ തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് വയല്‍ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭമായിരുന്നു കീഴാറ്റൂരിലെ വയല്‍ക്കിളി സമരം. 

സിപിഎം പ്രാദേശിക നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച 'വയല്‍ക്കിളികള്‍' എന്ന കൂട്ടായ്മയായിരുന്നു കീഴാറ്റൂരില്‍ സമരം ആരംഭിച്ചത്. കീഴാറ്റൂരിലെ വയല്‍ക്കിളി സമരം സിപിഎമ്മിനെ പിടിച്ചുകുലുക്കി. എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തില്‍ നിന്ന് പിന്നീട് പാര്‍ട്ടി പിന്‍വാങ്ങി.

പക്ഷേ സമരം തുടര്‍ന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നന്ദിഗ്രാമിലെ മണ്ണ് ഉള്‍പ്പെടെ എത്തിച്ച്‌ പ്രതീകാത്മക സമരം നടന്നു. പക്ഷേ വയലിലെ ചതുപ്പു നിലത്തിന് മോഹവിലയിട്ട് സര്‍ക്കാര്‍ സമരത്തിന്റെ ചിറകരിഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി വയലില്‍ കൃഷിയില്ലെന്നും താഴ്ന്ന പ്രദേശങ്ങളില്‍ പുല്ലു വളര്‍ത്തലാണ് നടക്കുന്നതെന്നുമായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥ സംഘം നല്‍കിയ റിപ്പോര്‍ട്ട്.

സമരത്തിന് സംസ്ഥാന ബിജെപി നേതൃത്വം പിന്തുണ നല്‍കിക്കൊണ്ടിരിക്കെയായിരുന്നു ഈ റിപ്പോര്‍ട്ട്. ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നു പോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങള്‍ ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂര്‍ കൂവോട് കുറ്റിക്കോല്‍ ബൈപ്പാസ്.

നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം മുതല്‍ കണ്ണൂര്‍ ജില്ലയിലെ കുറ്റിക്കോല്‍ പാലം വരെയുള്ള പാതയുടെ നീളം 40.110 കിലോ മീറ്ററാണ്. ഇതില്‍ 5.660 കി.മീ ആണ് കീഴാറ്റൂര്‍ ബൈപ്പാസ് റീച്ചിലുള്ളത്. 

തളിപ്പറമ്പ് നഗരം എത്തുന്നതിനു മുന്‍പ് പട്ടുവം റോഡില്‍ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂര്‍ വയലിലൂടെയാണ് ബൈപ്പാസ്. പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് ഇടിച്ചു നിരത്തി. തളിപ്പറമ്പ് ബൈപ്പാസിലെ നീളംകൂടിയ മേല്‍പ്പാലത്തിന്റെ പേരിലാണ് കീഴാറ്റൂര്‍-മാന്ധംകുണ്ട്. 42 തൂണുകളിലായി 600 മീറ്റര്‍ നീളമുള്ളതാണ് മേല്‍പ്പാലം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement