കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമ സംഭവത്തിൽ കെ.ജി.എം.ഒ.എ (KGMOA) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തെ തുടർന്ന് ആശുപത്രി സ്റ്റാഫ് കൗൺസിൽ, ഐ.എം.എ (IMA) എന്നിവരുമായി ചേർന്ന് സംയുക്തമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രതിഷേധ യോഗത്തിൽ കെ.ജി.എം.ഒ.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ. ജിതിൻ വി.എസ്, നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. അജിത് കുമാർ, സംസ്ഥാന സമിതി അംഗം ഡോ. രാജേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് കെ.ജി.എം.ഒ.എ നേതാക്കൾ ആശുപത്രി സൂപ്രണ്ടിനൊപ്പം കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ യുമായി കൂടിക്കാഴ്ച നടത്തുകയും ഔദ്യോഗികമായി പരാതി കൈമാറുകയും ചെയ്തു.
ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിലെ പ്രധാന പ്രതി പോലീസ് ഇതിനകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും, പ്രതികൾക്കെതിരെ കർശനമായ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് (Hospital Protection Act) പ്രകാരം തന്നെ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു. കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
താലൂക്ക് ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കൂത്തുപറമ്പ് എം.എൽ.എ കെ.പി. പ്രവീൺ മാസ്റ്റർ, കൂത്തുപറമ്പ് നഗരസഭ ചെയർമാൻ, വിവിധ കൗൺസിലർമാർ, ഐ.എം.എ (IMA) നേതാക്കളായ ഡോ. ലളിത് സുന്ദരം, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. വിനായക് എന്നിവരും പങ്കെടുത്തു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും, പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ ഉറപ്പുവരുത്തുമെന്നും ജനപ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി.

إرسال تعليق