തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്രത്തിന്റെ മുൻഭാഗത്തുള്ള കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് 3ന് തുടക്കം കുറിക്കും. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി നൽകുന്ന 10 കോടി രൂപ ഉപയോഗിച്ചാണ് പൗരാണികമായ കിഴക്കേ ഗോപുരം നവീകരിക്കുന്നത്. ശ്രീരാമൻ ദർശനം നടത്തിയതായി ഐതിഹ്യമുള്ള രാജരാജേശ്വര ക്ഷേത്രത്തിന്റെ കവാടവുമാണ് കിഴക്കേ ഗോപുരം.
ക്ഷേത്രത്തോളം പഴക്കമുണ്ടാവുകയില്ലെങ്കിലും ചെങ്കല്ലിൽ അപൂർവമായ കൊത്തുപണികൾ ഉള്ള ഈ ഗോപുരത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ സാധിച്ചിട്ടില്ലെന്ന് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ പറഞ്ഞു. ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ഗോപുരത്തിൽ കേരളത്തിൽ തന്നെ അപൂർവമായ ഗജലക്ഷ്മിയുടെ രൂപങ്ങളും കൊത്തിയിട്ടുണ്ട്. ഗോപുരത്തിന് സമീപത്ത് കുളം നിർമിക്കുമ്പോൾ കൊത്തിയെടുത്ത കല്ലുകളായിരിക്കാം ഇതിന് ഉപയോഗിച്ചതെന്നും കരുതുന്നുണ്ട്.
ചേര രാജാക്കൻമാരുടെ കാലത്തായിരിക്കാം കിഴക്കേ ഗോപുരം നിർമിച്ചതെന്നും സംശയമുണ്ട്. ചിറ്റാരിക്കാൽ വരക്കാട് സ്വദേശിയായ കുഞ്ഞിരാമൻ എന്നയാളുടെ നേതൃത്വത്തിലാണ് ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 3ന് രാവിലെ 6.50നും 7നും മധ്യേയുള്ള മുഹൂർത്തത്തിൽ രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതശേഷം ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ കുഞ്ഞിരാമന് മുഴക്കോൽ കൈമാറിയാണ് നവീകരണത്തിന് തുടക്കം കുറിക്കുന്നത്.
ഗോപുരത്തിന്റെ കല്ലുകൾ എടുത്ത് ക്ഷേത്രത്തിന് പുറത്ത് അതേ രീതിയിൽ ക്രമീകരിച്ച ശേഷം കേടായ കല്ലുകൾ മാറ്റിയാണ് നവീകരണ പ്രവൃത്തി നടത്തുക. ഒരു വർഷം കൊണ്ട് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അനന്ത് അംബാനി അടുത്തകാലത്ത് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോഴാണ് കിഴക്കേ ഗോപുരത്തിന്റെ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തികൾക്കായി 13 കോടി രൂപ സഹായം പ്രഖ്യാപിച്ചത്.

إرسال تعليق