കതിരൂർ: കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നതിനിടെ കതിരൂരിൽ വയോധികക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്കേറ്റു.കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപത്തെ പറമ്പത്താന്റവിട വീട്ടിലെ ശാന്ത (77) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ മൂർക്കോത്ത് വയലിലേക്ക് പോയതായിരുന്നു ശാന്ത.
വയലിലൂടെ നടന്നുപോകുന്നതിനിടെ പെട്ടെന്ന് കുറ്റിക്കാട്ടിൽ നിന്ന് പുറത്തേക്ക് ചാടിയ കാട്ടുപന്നി ശാന്തയെ ആക്രമിക്കുകയായിരുന്നു. ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. ഉടൻ തന്നെ നാട്ടുകാർ ശാന്തയെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.ഇവിടെ കാട്ടുപന്നികളുടെ ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളിലും വീടുകളുടെ പരിസരത്തും പന്നികൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്.
ഇതുമൂലം കർഷകരും നാട്ടുകാരും ആശങ്കയിലാണ്. വനംവകുപ്പ് ഉടൻ ഇടപെട്ട് കാട്ടുപന്നികളെ പിടികൂടി ശല്യം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രായമായവരും കുട്ടികളും വയലിലേക്കും കൃഷിയിടങ്ങളിലേക്കും പോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

إرسال تعليق