തലശ്ശേരി: നവീകരണത്തിന് ശേഷം ഉദ്ഘാടനത്തിനൊരുങ്ങുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇനി മുതൽ യാത്രക്കാർക്ക് ഷോപ്പിങ് അനുഭൂതിയും. പലവ്യഞ്ജന സാധനങ്ങൾ, ഐസ്ക്രീം പാർലറുകൾ എന്നിവക്ക് പുറമെ അത്യാധുനിക രീതിയിൽ മസാജ് സെന്റർ, മെഡിക്കൽ റൂം, ബാർബർ ഷോപ്പ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ റെയിൽവേ സ്റ്റേഷനിൽ സജ്ജമാകും. അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ റെയിൽവേ ബോർഡ് ആവിഷ്കരിച്ച സ്റ്റേഷൻ കേന്ദ്രീകരിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന വ്യാപാരം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും തലശ്ശേരിയിൽ ലഭ്യമാകും.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ റൂം ഒരുക്കുക. മസാജ് സെന്ററും ഐസ്ക്രീം പാർലറും ജൻഔഷധി ഔട്ലെറ്റും തുടങ്ങാൻ ആളുകളായി. മറ്റു സൗകര്യങ്ങൾ കരാർ എടുക്കുന്നവർ ഒരുക്കണം. തലശ്ശേരി ടി.സി റോഡിന് അഭിമുഖമായാണ് ഇതിനായി മുറികൾ ഒരുക്കിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾ വാടകക്ക് നൽകാനുള്ള സൗകര്യവും നൽകും. ഇതുൾപ്പെടെ 61 സേവനങ്ങളാണ് സ്റ്റേഷനുകളിൽ ലഭ്യമാക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്.
തലശ്ശേരിക്ക് പുറമേ പാലക്കാട് ഡിവിഷനിൽ പാലക്കാട്, ഒറ്റപ്പാലം ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു സ്റ്റേഷനു കളിലും ഈ സൗകര്യം ലഭ്യമാക്കും.

إرسال تعليق