മാഹിയിൽ സർവീസ് അവസാനിപ്പിച്ച് ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്; യാത്രക്കാർ ദുരിതത്തിൽ



മാഹി: ലൈൻ അറ്റകുറ്റപ്പണിയെ തുടർന്ന് ശനിയാഴ്ച രാത്രി ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് മാഹിയിൽ സർവീസ് അവസാനിപ്പിച്ചതോടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. മുൻകൂട്ടി ടിക്കറ്റ് എടുത്തിരുന്ന പലർക്കും സർവീസ് നിയന്ത്രണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ല.

മാഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർക്ക് രാത്രിയിൽ മറ്റ് വാഹനങ്ങൾ ലഭിക്കാതെ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. സ്റ്റേഷനിൽ നിന്ന് ദേശീയപാതയിലെത്താൻ ഏകദേശം ഒന്നര കിലോമീറ്റർ ഇരുട്ടിലൂടെ നടന്നെത്തേണ്ടി വന്നതായും യാത്രക്കാർ പറഞ്ഞു.

മാഹിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് പോയി സർവീസ് അവസാനിപ്പിച്ചു. യാത്രക്കാരെ തലശ്ശേരിയിൽ ഇറക്കാൻ സൗകര്യം ഒരുക്കിയിരുന്നെങ്കിൽ കൂടുതൽ പ്രയോജനകരമായേനെയെന്നാണ് യാത്രക്കാരുടെ പ്രതികരണം.

രാത്രി വൈകിയതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ നേരം വാഹനത്തിനായി കാത്തുനിന്നു. തുടർന്ന് മാഹി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് പലർക്കും യാത്ര തുടരാൻ വാഹനം ലഭിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement