പാനൂർ നഗരസഭയുടെ ഗതാഗത രംഗത്ത് പുതിയ ചുവടുവയ്പ്പായി കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയുടെ ട്രയൽ റൺ നടത്തി. പാനൂർ നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണ ഓട്ടം നടത്തിയത്.
പാനൂർ - കണ്ണംവെള്ളി - പെരിങ്ങത്തൂർ - കരിയാട് മേഖലകളിലൂടെയാണ് ഗ്രാമവണ്ടിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. പൊതുഗതാഗത സൗകര്യം പരിമിതമായ പ്രദേശങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി.
പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ, വൈസ് ചെയർമാൻ ടി.എം. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥരും ട്രയൽ റണ്ണിൽ പങ്കെടുത്തു.
പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസ് യാഥാർഥ്യമാകുന്നതോടെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സാധാരണ യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
പാനൂരിന്റെ ഗ്രാമീണ മേഖലകളെ നഗരവുമായി കൂടുതൽ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതിക്ക് ട്രയൽ റണ്ണോടെ തുടക്കമായി.

إرسال تعليق