കണ്ണൂർ: ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി
റിമാൻഡിൽ. കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് ഞായറാഴ്ച പുലർച്ചെ പിടികൂടിയ അർജുനെ കൂത്തുപറമ്പ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ജാമ്യാപേക്ഷ നൽകിയില്ല. പിന്നാലെ അർജുനെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘവും കണ്ണൂരിയിലെത്തിയിട്ടുണ്ട്.
പുലർച്ചെ രണ്ടോടെയാണ് അഭിഭാഷകയെ കാണാനായി കണ്ണൂരിലെ അപ്പാർട്ട്മെന്‍റിൽ അർജുനും സുഹൃത്തും എത്തുന്നത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകയെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. പിന്നാലെ പൊലീസ് അപ്പാർട്ട്മെന്‍റിലെത്തി പുലർച്ചെ രണ്ടരയോടെ അർജുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് ഓടിച്ചിട്ട് പിടികൂടി.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കോതമംഗലം ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹൈകോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ആയങ്കി ഒളിവിൽ പോയത്. ഒളിവിൽ കഴിയുന്നതിനിടെ കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടറെ ആയങ്കി വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഈ സംഭവത്തിലും കേസെടുത്തു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ എറണാകുളം റൂറൽ സൈബർ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിലവിലുള്ള കേസുകളിൽ ആയങ്കിക്ക് ജാമ്യം നേടി പുറത്തിറങ്ങാൻ കഴിയുമെന്ന സാഹചര്യത്തിലാണ് കൊടുംകുറ്റവാളികൾക്കായുള്ള കാപ്പ ചുമത്തി പൂട്ടാൻ പൊലീസ് ആലോചിക്കുന്നത്. 21 ക്രിമിനൽ കേസുകളാണ് അർജുൻ ആയങ്കിക്കെതിരെ നിലവിലുള്ളത്. രണ്ട് വധശ്രമക്കേസുകൾ, മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ ഉത്തര മേഖല ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് അർജുനെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് അർജുൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അർജുൻ നിരന്തരം വെല്ലുവിളിച്ചിരുന്നു.
ആയങ്കിയുടെ ഗുണ്ടാ സംഘത്തിൽപെട്ട തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂര്‍ സ്വദേശികളായ വെങ്കിടേഷ്, സംഗീത് സുരേഷ്, ആദിത്യന്‍ എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. തുമ്പ പൊലീസും തമ്പാനൂര്‍ പൊലീസുമാണ് ഇവരെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ 23ല്‍പരം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Post a Comment