ബം​ഗ​ളൂ​രു കെ.​എ​സ്.​ആ​ർ.​ടി.​സി ബസപ​ക​ടം; ഡ്യൂട്ടി ക്രമീകരണത്തിന് എതിരെ വിമർശനം ഡ്രൈവർക്ക് മതിയായ വിശ്രമം നൽകിയില്ലെന്ന്




കോഴിക്കോട്: ബംഗളൂരു - മൈസൂരു ദേശീയപാതയിൽ കോഴിക്കോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ ഡ്യൂട്ടി സംബന്ധിച്ച് വിമർശനം ഉയരുന്നു. ദീർഘദൂര സർവിസുകൾക്ക് സീനിയർ ഡ്രൈവർമാരെ നിയോഗിക്കണമെന്ന, ആറുമണിക്കൂറിലധികം രാത്രി ഓടേണ്ട സർവീസുകളിൽ രണ്ട് ഡ്രൈവർമാരെ നിയോഗിക്കണമെന്നുമുള്ള സർക്കുലറുകളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.

പകരം താത്കാലിക, ജൂനിയർ ഡ്രൈവർമാരെക്കൊണ്ട് ഈ ഡ്യൂട്ടി ചെയ്യിപ്പിക്കുകയാണെന്നാണ് വിമർശനം. കണ്ടക്ടറും ഡ്രൈവറുമായി സർവീസ് നടത്തി കണ്ടക്ടർമാർക്ക് സുഖകരമായ ഡ്യൂട്ടി ഉറപ്പാക്കാൻ വേണ്ടി ഡിപ്പോയിലെ മിഡിൽ മാനേജ്മെന്‍റിൽ സീനിയർ കണ്ടക്ടർമാർ സ്വാധീനം ചെലുത്തുന്നുവെന്നും വിമർശനമുണ്ട്. യാത്രയിൽ റിസവർവേഷൻ ടിക്കറ്റുകൾ ചെക്ക് ചെയ്തശേഷം ഈ കണ്ടക്ടർമാർ വിശ്രമത്തിലേക്ക് കടക്കും. ഗതാഗതക്കുരുക്കിലടക്കം പെട്ട് ഓട്ടം 12 മണിക്കൂർ വരെ നീളും. ഈ സമയമത്രയും ഒരാൾ തന്നെ ഡ്രൈവ് ചെയ്യേണ്ടിവരികയാണ്. ഇതിന്‍റെ അപകട സാധ്യത ഏറെക്കാലമായി ചില ജീവനക്കാർ ഉന്നയിക്കാറുണ്ട്.

സിംഗിൾ ഡ്രൈവറായി ദീർഘദൂര സർവീസിന് പറഞ്ഞയക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. സർവീസുകൾ ഡ്രൈവർ കം കണ്ടക്ടർ ആക്കണമെന്ന് ഏറെക്കാലമായ ആവശ്യമാണ്.അപകടത്തിൽ മരിച്ച മിഥിലേഷ് കോഴിക്കോട് ഡിപ്പോയിലെ താത്കാലിക ഡ്രൈവറായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കെ.എസ്.ആർ.ടി.സിയിൽ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൈസൂർ സർവീസ് കഴിഞ്ഞ് കോഴിക്കോട് തിരിച്ചെത്തുകയും രാത്രി വീണ്ടും ഡ്യൂട്ടിക്ക് കയറുകയുമായിരുന്നു. അന്തർ സംസ്ഥാന സർവീസുകൾ ഡ്രൈവറും കണ്ടക്ടറും മാറി ഓടിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതാണ് ഈ അപകടത്തിന് വഴിവെച്ചതെന്ന വിമർശനം ജീവനക്കാർ തന്നെ ഉന്നയിക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement