അറസ്റ്റ് നടപടികളുടെ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലുള്ള അപകീർത്തികേസ് നിലനിൽക്കില്ലെന്ന് കേരളാ ഹൈക്കോടതി



കൊച്ചി :- അറസ്‌റ്റ് നടപടികളുടെ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നൽകിയ അപകീർത്തി കേസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി. കേസെടുക്കുന്നതും അറസ്‌റ്റ് ചെയ്യുന്നതും അടക്കം അധികൃതർ സ്വീകരിക്കുന്ന ഔദ്യോഗിക നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തിപ്പെടുത്തലായി പറയാനാവില്ലെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് സി.എസ് ഡയസിൻ്റെ ഉത്തരവ്. മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെ ആലങ്ങാട് സ്വദേശി ഹരികുമാർ നൽകിയ പരാതിയും ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി -2 ലെ തുടർനടപടികളും മനോരമയുടെ ഹർജി പ്രകാരം റദ്ദാക്കിയ ഉത്തരവിലാണ് നിരീക്ഷണം. 2020 ഓഗസ്റ്റ് 17ന് സ്കൂട്ടറിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം കടത്തിയതിനു ഹരികുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.

ഫോട്ടോ സഹിതം വാർത്ത പത്രം പ്രസിദ്ധീകരിച്ചു. തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം നൽകിയ റിപ്പോർട്ടാണെന്നും കേസിൽ പിന്നീട് വിട്ടയച്ചെന്നും കാണിച്ച് ഹരികുമാർ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. തുടർന്നാണു പ്രസിദ്ധീകരിച്ച മാധ്യമമായ മനോരമ ഹൈക്കോടതിയെ സമീപിച്ചത്. ഔദ്യോഗിക നടപടി പ്രസിദ്ധീകരിച്ചതുമൂലം ഒരാൾക്കുണ്ടാകുന്ന മാനഷ്ടത്തിനു മാധ്യമപ്രവർത്തകനു ക്രിമിനൽ ബാധ്യതയില്ലെന്നു കോടതി വ്യക്തമാക്കി. ദുരുദ്ദേശ്യമുണ്ടോയെന്നതാണ് നിർണായകം.

വാർത്ത പ്രസിദ്ധീകരിച്ചത് ഒരാൾക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നതിന്റെ പേരിൽ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാകുന്നില്ല. ഔദ്യോഗിക രേഖയിലെ വിവരങ്ങളിൽനിന്നു പ്രസിദ്ധീകരിച്ച വാർത്തയിൽ ചില വ്യത്യാസങ്ങളുണ്ടെന്നു കരുതിയാൽ പോലും അപകീർത്തിപ്പെടുത്താനായി മനഃപൂർവം കെട്ടിച്ചമച്ച വാർത്തയാണെന്നു സ്ഥാപിക്കാൻ പരാതിയിൽ മതിയായ സാഹചര്യങ്ങളില്ല. പരാതിക്കാരനെ അറസ്‌റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തതാണ്. പരാതിക്കാരനെ തുടർന്നു വിട്ടയച്ചു എന്നത് ഈ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു പ്രസക്തമല്ല. അപകീർത്തിപ്പെടുത്താനാണോ ഹർജിക്കാർ വാർത്ത പ്രസിദ്ധീകരിച്ചത് എന്നതാണ് നിർണായക ചോദ്യമെന്നും കോടതി പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement